അബുദാബി: ഷെയ്ഖ് സായിദ് പൈതൃകോത്സവം നവംബർ 20 മുതൽ ആരംഭിക്കുന്നു

GCC News

2020-ലെ ഷെയ്ഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവൽ നവംബർ 20, വെള്ളിയാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് മേളയുടെ സംഘാടക കമ്മിറ്റി അറിയിച്ചു. അബുദാബിയിലെ അൽ വത്ബയിൽ വെച്ചാണ് ഷെയ്ഖ് സായിദ് പൈതൃകോത്സവം നടത്തുന്നത്. കൊറോണ വൈറസ് പശ്ചാത്തലത്തിൽ കർശനമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകളോടെയാണ് ഇക്കൊല്ലം പൈതൃകോത്സവം സംഘടിപ്പിക്കുന്നത്.

യു എ ഇയുടെ സ്ഥാപക പിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന ഈ സാംസ്കാരികോത്സവം, രാജ്യത്തിൻറെ പൈതൃക തനിമ, പാരമ്പര്യം എന്നിവ എടുത്തുകാട്ടുന്നു. സന്ദർശകർക്ക് യു എ ഇയുടെ വ്യത്യസ്തങ്ങളായ പരമ്പരാഗത രീതികളും, സംസ്കാരവും അതിന്റെ കലാരൂപങ്ങൾ, കരകൗശല വിദ്യകൾ, ഭക്ഷണം, ആചാരം മുതലായവയും അടുത്തറിയാൻ ഷെയ്ഖ് സായിദ് പൈതൃകോത്സവം സഹായിക്കുന്നു. ഇതോടൊപ്പം സഞ്ചാരികൾക്ക് ഷെയ്ഖ് സായിദിന്റെ പൈതൃകം, അദ്ദേഹം മുന്നോട്ട് വെച്ച മൂല്യങ്ങൾ എന്നിവയും ഈ മേളയിലൂടെ മനസ്സിലാക്കാവുന്നതാണ്.

യു എ ഇയുടെ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് വർഷാവർഷം നടത്തിവരുന്ന ഈ മേള ആഗോളതലത്തിൽ തന്നെ പ്രാധാന്യമുള്ള ഒരു സാംസ്‌കാരിക ഉത്സവമാണ്. യു എ ഇയിലെ ഏറ്റവും വലിയ പൈതൃകോത്സവമായ ഷെയ്ഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവൽ, ലോകത്തെ ഏറ്റവും പ്രധാനമായ അഞ്ച് സാംസ്കാരികോത്സവങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതാണ്. വിവിധ രാജ്യങ്ങളിൽ നിന്നായി ഏതാണ്ട് ഒരു ദശലക്ഷത്തോളം സഞ്ചാരികളെത്തുന്ന ഈ പൈതൃകോത്സവം, എല്ലാ പ്രായത്തിലുള്ള സന്ദർശകർക്കും ഒരുപോലെ ആസ്വദിക്കാവുന്നതാണ്.

ഇത്തവണത്തെ മേളയിൽ ഏതാണ്ട് 3500-ൽ പരം സാംസ്‌കാരിക പരിപാടികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 100-ഓളം പരിപാടികൾ കുട്ടികൾക്ക് മാത്രമായി പ്രത്യേകം ഒരുക്കുന്നവയാണ്. ഇതിൽ പങ്കെടുക്കാനായി 30-തോളം രാജ്യങ്ങളിൽ നിന്നായി 17000-ത്തിൽ പരം പ്രദർശകരാണെത്തുന്നത്. 2020 നവംബർ 20 മുതൽ 2021 ഫെബ്രുവരി 20 വരെയാണ് ഷെയ്ഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

മേളയിലെത്തുന്നവരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി NCEMA, അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത്, ടൂറിസം വകുപ്പ് എന്നിവർ സംയുക്തമായി കർശനമായ സുരക്ഷാ മാനദണ്ഡങ്ങളാണ് ഒരുക്കുന്നത്. പ്രവേശനകവാടങ്ങളിൽ തെർമൽ കാമറാ സംവിധാനങ്ങളും, സമൂഹ അകലം ഓർമ്മപ്പെടുത്തുന്നതിനുള്ള അടയാളങ്ങളും ഉൾപ്പടെയുള്ള നിർദ്ദേശങ്ങൾ ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്നുണ്ടെന്ന് സംഘാടകർ വ്യക്തമാക്കി.

പ്രതിദിനം ഏതാണ്ട് 50000 മുതൽ 80000 വരെ മുൻ‌കൂർ ബുക്കിംഗ് നടത്തിയ സന്ദർശകരെയാണ് മേളയിലേക്ക് പ്രതീക്ഷിക്കുന്നത്. COVID-19 പശ്ചാത്തലത്തിൽ സമൂഹ അകലം ഉറപ്പാക്കാനാകാത്ത ഘോഷയാത്രകൾ പോലുള്ള ഏതാനം ഇനങ്ങൾ ഇക്കൊല്ലത്തെ ഷെയ്ഖ് സായിദ് പൈതൃകോത്സവത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. മുതിർന്നവർക്ക് 5 ദിർഹമാണ് പ്രവേശനഫീസായി ഇടാക്കുന്നത്. പത്ത് വയസ്സ് വരെ പ്രായമുള്ള കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് പ്രവേശനം സൗജന്യമാണ്.

ഷെയ്ഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവൽ സന്ദർശിക്കുന്നവർക്ക് യാത്രാ സേവനങ്ങൾ നൽകുന്നതിനായി പൊതുഗതാഗതത്തിനുള്ള ബസുകൾ സൗജന്യമായി സർവീസ് നടത്തുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചിട്ടുണ്ട്.

Photo: @ZayedFestival