സ്വകാര്യ ആവശ്യങ്ങൾക്കായി ഇറക്കുമതി ചെയ്യുന്ന ആയിരം റിയാലിൽ കുറവ് മൂല്യമുള്ള വസ്തുക്കൾക്ക് കസ്റ്റംസ് തീരുവ ബാധകമല്ലെന്ന് സൗദി സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി. ഇത്തരത്തിൽ ഇറക്കുമതി ചെയ്യുന്ന വസ്തുവിന്റെ വില, ഷിപ്പിംഗ് ചാർജ്ജ് എന്നിവ ഉൾപ്പടെയാണ് ഈ പരിധി ആയിരം റിയാലാക്കി നിജപ്പെടുത്തിയിട്ടുള്ളത്.
രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്തുക്കൾക്കും 15 ശതമാനം VAT നികുതി ബാധകമാണെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട ലംഘനങ്ങൾ കണ്ടെത്തുന്ന സാഹചര്യത്തിൽ അതോറിറ്റി VAT സംവിധാനത്തിലൂടെ ഒരു റിപ്പോർട്ട് ഫയൽ ചെയ്യുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ കസ്റ്റംസ് ക്ലിയറൻസ് പൂർത്തിയാക്കേണ്ട ചുമതല ട്രാൻസ്‌പോർട്ടേഷൻ സ്ഥാപനത്തിനാണെന്നും അതോറിറ്റി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ഉപഭോക്താക്കൾ ട്രാൻസ്‌പോർട്ടേഷൻ സ്ഥാപനങ്ങളുമായി ബന്ധപ്പെടേണ്ടതാണ്. കസ്റ്റംസ് ഡിക്ലറേഷൻ നൽകുന്ന നടപടികൾ ട്രാൻസ്‌പോർട്ടേഷൻ സ്ഥാപനത്തിലെ ജീവനക്കാർ പൂർത്തിയാക്കേണ്ടതാണ്.
ഇത്തരം കസ്റ്റംസ് ഡിക്ലറേഷൻ രേഖകളുടെ ഒരു പകർപ്പ് ഉപഭോക്താവിന് നൽകേണ്ടതാണ്. ട്രാൻസ്‌പോർട്ടേഷൻ സ്ഥാപനവുമായി ബന്ധപ്പെട്ട പരാതികൾ രാജ്യത്തെ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷന് മുന്നിൽ അറിയിക്കാവുന്നതാണ്.