സൗദി അറേബ്യ: പ്രാർത്ഥനാ സമയങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകിയതായി സൂചന

Saudi Arabia

രാജ്യത്തെ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രാർത്ഥനാ സമയങ്ങളിൽ തുറന്ന് പ്രവർത്തിക്കാൻ ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്‌സ് അനുമതി നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂലൈ 16-നാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇത് സംബന്ധിച്ച് ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്‌സ് ഒരു ഔദ്യോഗിക വിജ്ഞാപനം വ്യാപാരശാലകൾക്കും, വാണിജ്യ സ്ഥാപനങ്ങൾക്കും നൽകിയതായാണ് സൂചന. COVID-19 പശ്ചാത്തലത്തിൽ ആൾത്തിരക്ക് പരമാവധി ഒഴിവാക്കുന്നതിനും, ആൾക്കൂട്ടം ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനും, വാണിജ്യസ്ഥാപനങ്ങളിലെ കാത്തിരിപ്പ് ഒഴിവാക്കുന്നതിനും പ്രാർത്ഥനാ സമയങ്ങളിലുൾപ്പടെ പ്രവർത്തിക്കാമെന്ന് വ്യാപാരശാലകളുടെയും, വാണിജ്യ സ്ഥാപനങ്ങളുടെയും ഉടമകളോട് ഫെഡറേഷൻ ആഹ്വാനം ചെയ്തതായാണ് മാധ്യമങ്ങൾ അറിയിച്ചിട്ടുള്ളത്.

പൊതുജനങ്ങളുടെ ഷോപ്പിംഗ് അനുഭവം കൂടുതൽ സുഗമമാക്കുന്നതിനും ഈ തീരുമാനം സഹായകമാകുമെന്ന് ഫെഡറേഷൻ കൂട്ടിച്ചേർത്തു. ജീവനക്കാർക്കും, ഉപഭോക്താക്കൾക്കും പ്രാർത്ഥനകൾ തടസപ്പെടാത്ത രീതിയിൽ സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങൾ ക്രമീകരിക്കാൻ ഫെഡറേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.