രാജ്യത്ത് COVID-19 കേസുകൾ വർദ്ധിക്കുന്നത് ആളുകൾ ഒത്തുകൂടുന്നത് കാരണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം

GCC News

സൗദിയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായിട്ടുള്ള കൊറോണാ ബാധിതരുടെ എണ്ണത്തിലെ ആശങ്കപ്പെടുത്തുന്ന വർദ്ധനവിന് മുഖ്യമായ കാരണം പൊതുജനങ്ങൾ സമൂഹ അകലം പാലിക്കാത്തതും, ചടങ്ങുകൾക്കായി ഒത്തുകൂടുന്നതുമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ മറികടന്നുകൊണ്ടുള്ള സമൂഹ ഒത്തുചേരലുകൾ രാജ്യത്ത് രോഗവ്യാപനത്തിനു ഇടയാക്കുന്നുണ്ട്. സ്ത്രീകളിലും കുട്ടികളിലും സ്ഥിരീകരിക്കുന്ന COVID-19 രോഗബാധ ഇത് വ്യക്തമാക്കുന്നതായി മന്ത്രാലയം അറിയിച്ചു.

സൗദി അറേബ്യയിൽ 1966 പേർക്കാണ് മെയ് 11-നു COVID-19 സ്ഥിരീകരിച്ചത്. ഇതിൽ 22 ശതമാനം രോഗബാധിതർ സ്ത്രീകളും, ഏഴു ശതമാനം പേർ കുട്ടികളുമാണ്. സൗദിയിൽ ഇതുവരെ 41014 പേർക്കാണ് COVID-19 കണ്ടെത്തിയിട്ടുള്ളത്.

“കഴിഞ്ഞ ഏതാനം ദിവസങ്ങളിലായി സൗദി പൗരന്മാരുടെ ഇടയിൽ രോഗവ്യാപനം കൂടുന്നതായി മന്ത്രാലയം നിരീക്ഷിച്ചു വരികയാണ്. പ്രത്യേകിച്ചും കുട്ടികളുടെയും സ്ത്രീകളുടെയും ഇടയിൽ രോഗം ദിനം തോറും വർദ്ധിക്കുന്നുണ്ട്. സുരക്ഷാ നിർദ്ദേശങ്ങൾ വിലവെക്കാതെയുള്ള സമൂഹ ഒത്തുചേരലുകളും, ചടങ്ങുകളും, ആഘോഷങ്ങളും രാജ്യത്ത് രോഗം വ്യാപിപ്പിക്കുന്നുണ്ട്.”, ആരോഗ്യ മന്ത്രാലയം വക്താവ് ആശങ്കകൾ പങ്ക് വെച്ചുകൊണ്ട് അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം രാജ്യത്ത് ഏർപ്പെടുത്തിയ പല നിയന്ത്രണങ്ങളും ആളുകൾ അനുസരിക്കുന്നില്ല എന്നത് നിർഭാഗ്യകരമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

പൊതുജനങ്ങളോട് ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും, ആരോഗ്യപരമായ ജീവിത രീതികൾ പിന്തുടരാനും, നിയമലംഘനങ്ങൾ നടത്തുന്നത് ഒഴിവാക്കാനും, വീടുകളിൽ തുടരാനും മന്ത്രാലയം ആഹ്വാനം ചെയ്തു.