ഒമാനിലെ രാത്രികാല യാത്രാ നിയന്ത്രണം: ഏതാനം ഫാർമസികൾക്ക് പ്രവർത്തനാനുമതി നൽകിയതായി ആരോഗ്യ മന്ത്രാലയം

GCC News

ഒമാനിൽ നിലവിൽ രാത്രി 8 മണി മുതൽ പുലർച്ചെ 5 വരെ ഏർപ്പെടുത്തിയിട്ടുള്ള യാത്രാനിയന്ത്രണങ്ങളുടെ കാലയളവിൽ ഏതാനം ഫാർമസികൾക്ക് തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി നൽകിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഒക്ടോബർ 14-ന് വൈകീട്ടാണ് ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

താഴെ പറയുന്ന വിഭാഗം ഫാർമസികൾക്കാണ് യാത്രാ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സമയങ്ങളിൽ പ്രവർത്തനാനുമതി നൽകിയിട്ടുള്ളത്:

  • രാത്രികാല ഷിഫ്റ്റിൽ പ്രവർത്തിക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ അനുവാദമുള്ള ഫാർമസികൾക്ക് യാത്രാ നിയന്ത്രണങ്ങളുടെ സമയത്തും (രാത്രി 8 മുതൽ രാവിലെ 5 വരെ) തുറന്ന് പ്രവർത്തിക്കാവുന്നതാണ്.
  • 24 മണിക്കൂറും പ്രവർത്തിക്കാൻ അനുവാദമുള്ള ഫാർമസികൾക്ക് യാത്രാ നിയന്ത്രണങ്ങളുടെ സമയത്തും തുറന്ന് പ്രവർത്തിക്കാവുന്നതാണ്.

COVID-19 വ്യാപനം തടയുന്നതിനായി, ഒക്ടോബർ 11 മുതൽ ഒക്ടോബർ 24 വരെയാണ് ഒമാനിൽ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി രാത്രി 8 മുതൽ 5 വരെ പൊതു ഇടങ്ങളും, വാണിജ്യ സ്ഥാപനങ്ങളും അടച്ചിടാനാണ് തീരുമാനിച്ചിരിക്കുന്നത്.

രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ മസ്‌കറ്റ് ഗവർണറേറ്റിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയങ്ങളിൽ ആരോഗ്യ മന്ത്രാലയം മാറ്റം വരുത്തിയിരുന്നു.