യു എ ഇ: ഏതാനം വിദ്യാലയങ്ങളിലെ അധ്യയനം വിദൂര വിദ്യാഭ്യാസ രീതിയിലേക്ക് മാറ്റിയതായി NCEMA

GCC News

മുൻകരുതൽ നടപടി എന്ന നിലയിൽ, വിവിധ എമിറേറ്റുകളിലെ ഏതാനം വിദ്യാലയങ്ങളിലെ അധ്യയനം വിദൂര വിദ്യാഭ്യാസ രീതിയിലേക്ക് മാറ്റിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (NCEMA) അറിയിച്ചു. പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുന്നോടിയായി, അധ്യാപകരുൾപ്പടെയുള്ള വിദ്യാലയ ജീവനക്കാർക്കിടയിൽ നടത്തിയ COVID-19 പരിശോധനകളിൽ രോഗബാധിതരെന്നു സംശയിക്കുന്ന കേസുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഏതാനം വിദ്യാലയങ്ങളിൽ വിദൂര വിദ്യാഭ്യാസ രീതി തുടരാൻ NCEMA, വിദ്യാഭ്യാസ മന്ത്രാലയം എന്നിവർ തീരുമാനിച്ചത്.

ഇത്തരം രോഗബാധ സംശയിക്കുന്ന ജീവനക്കാരുടെ ലാബ് പരിശോധനാ ഫലങ്ങൾ ലഭിക്കുന്നത് വരെ ഈ വിദ്യാലയങ്ങളിൽ വിദൂര വിദ്യാഭ്യാസ രീതി തുടരുമെന്നും അധികൃതർ വ്യക്തമാക്കി. വിദൂര വിദ്യാഭ്യാസ രീതിയിലേക്ക് മാറ്റിയിട്ടുള്ള വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുമായി, സ്‌കൂൾ അധികൃതർ തുടർ നടപടികൾ സംബന്ധിച്ച് അറിയിക്കുന്നതിനായി ബന്ധപ്പെടുന്നതാണെന്നും NCEMA കൂട്ടിച്ചേർത്തു.

രോഗലക്ഷണങ്ങൾ പ്രകടമാകുന്ന വിവരങ്ങൾ ഉടനടി അധികൃതരോട് പങ്ക് വെക്കാൻ വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, മറ്റു ജീവനക്കാർ എന്നിവർക്ക് NCEMA നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ പ്രകടമാക്കുന്ന വിദ്യാർത്ഥികൾ വിദ്യാലയങ്ങളിൽ എത്തുന്നില്ലാ എന്ന് ഉറപ്പാക്കാൻ രക്ഷിതാക്കളോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ വിവരം സംബന്ധിച്ചുള്ള ഊഹാപോഹങ്ങൾ ഒഴിവാക്കാനും, ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള അറിയിപ്പുകൾ പിന്തുടരാനും സമൂഹത്തോട് അധികൃതർ നിർദ്ദേശം നൽകി.