2020 നവംബർ 26, വ്യാഴാഴ്ച്ച മുതൽ റാസ് അൽ ഖൈമയിലേക്ക് വ്യോമയാന സേവനങ്ങൾ ആരംഭിക്കുമെന്ന് സ്‌പൈസ്ജെറ്റ് അറിയിച്ചു. റാസ് അൽ ഖൈമയിലെ വാണിജ്യ മേഖലയിലെ പ്രവർത്തനങ്ങളും, അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളും സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയ സാഹചര്യത്തിലാണ് സ്‌പൈസ്ജെറ്റ് എമിറേറ്റിലേക്ക് സർവീസുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.
ഇതിന്റെ ആദ്യ ഘട്ടത്തിൽ ഡൽഹിയിലെ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആഴ്ച്ച തോറും രണ്ട് സർവീസുകളാണ് സ്‌പൈസ്ജെറ്റ് പ്രഖ്യാപിച്ചിട്ടുള്ളത്. വരും മാസങ്ങളിൽ കൂടുതൽ ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കുമെന്നും സ്‌പൈസ്ജെറ്റ് അറിയിച്ചിട്ടുണ്ട്.
ഡൽഹിയിൽ നിന്ന് റാസ് അൽ ഖൈമയിലേക്ക് വ്യാഴം, ഞായർ ദിവസങ്ങളിൽ രാത്രി 10:30-നാണ് സ്‌പൈസ്ജെറ്റ് സർവീസ് നടത്തുന്നത്. തിരികെ റാസ് അൽ ഖൈമയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനങ്ങൾ തിങ്കൾ, വെള്ളി ദിനങ്ങളിൽ 01:50-ന് പുറപ്പെടുന്നതാണ്.
Cover Photo: Wikimedia Commons