രാജ്യത്തെ COVID-19 രോഗബാധിതരുടെ എണ്ണത്തിലും, വൈറസ് ബാധയെത്തുടർന്നുള്ള മരണങ്ങളിലും പ്രകടമാകുന്ന വർധനവിൽ ഒമാനിലെ സുപ്രീം കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി. കഴിഞ്ഞ ഏതാനം നാളുകളിലായി രോഗവ്യാപനത്തിൽ പ്രകടമാകുന്ന വർധനവ്, രാജ്യത്തെ രോഗപ്രതിരോധ നടപടികളോടും, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളോടും ഒരു വിഭാഗം ആളുകൾ പുലർത്തുന്ന അവഗണനാ മനോഭാവത്തിന്റെ പ്രതിഫലനമാണെന്ന് സുപ്രീം കമ്മിറ്റി അഭിപ്രായപ്പെട്ടു.
അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ വീഴ്ചകൂടാതെ പാലിക്കേണ്ടത് മുഴുവൻ സമൂഹത്തിന്റെയും സംരക്ഷണത്തിന് അനിവാര്യമാണെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ഒമാൻ പൊതുസമൂഹത്തിലെ മുഴുവൻ ആളുകൾക്കും തങ്ങളെയും, തങ്ങളുടെ കുടുംബത്തെയും, തങ്ങളുടെ സമൂഹത്തെയും സംരക്ഷിക്കുന്നതിൽ ഉത്തരവാദിത്വമുണ്ടെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.
ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ, സെപ്റ്റംബർ 22, ചൊവ്വാഴ്ച്ച ചേർന്ന യോഗത്തിലാണ് സുപ്രീം കമ്മിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.