ഒക്ടോബർ 1 മുതൽ രാജ്യത്ത് നിന്നുള്ള അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കാനുള്ള സുപ്രീം കമ്മിറ്റി തീരുമാനത്തെ ഒമാൻ എയർപോർട്ട്സ് സ്വാഗതം ചെയ്തു. അന്താരാഷ്ട്ര സർവീസുകൾക്കായി വിമാനത്താവളങ്ങൾ തുറക്കുമ്പോൾ, കൊറോണ വൈറസ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ഒമാൻ എയർപോർട്ട്സ് യാത്രികരോട് ആവശ്യപ്പെട്ടു.
“സുപ്രീം കമ്മിറ്റിയുടെയും, വ്യോമയാന മന്ത്രാലയത്തിന്റെയും നിർദ്ദേശപ്രകാരം ഒമാനിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ 2020 ഒക്ടോബർ 1, വ്യാഴാഴ്ച്ച മുതൽ ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നു. COVID-19 രോഗവ്യാപനം തടയുന്നതിനും, മുഴുവൻ യാത്രികരുടെയും സംരക്ഷണത്തെ മുൻനിർത്തിയും, ആരോഗ്യ മന്ത്രാലയവും, മറ്റു അനുബന്ധ വകുപ്പുകളും ചേർന്ന് മുന്നോട്ടു വെച്ചിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഞങ്ങൾ യാത്രികരോട് ആവശ്യപ്പെടുന്നു.”, ഇത് സംബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക പ്രസ്താവനയിൽ ഒമാൻ എയർപോർട്ട്സ് വ്യക്തമാക്കി. വിമാന സർവീസുകൾ സംബന്ധിച്ച ഏറ്റവും പുതിയ അറിയിപ്പുകൾക്കും, സുരക്ഷാ നിർദ്ദേശങ്ങൾക്കും ഒമാൻ എയർപോർട്ട്സ് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി, 2020 ഒക്ടോബർ 1 മുതൽ രാജ്യത്തെ വിമാനത്താവളങ്ങൾ തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി സെപ്റ്റംബർ 7, തിങ്കളാഴ്ച്ച അറിയിച്ചിരുന്നു.