യു എ ഇ: കൊറോണാ വൈറസിനെതിരായ സ്റ്റെം സെൽ ചികിത്സ ലഭിച്ചവർ 2000 കടന്നു

UAE

2000-ത്തിൽ പരം COVID-19 ബാധിതർക്ക് ഇതുവരെ ചികിത്സ നൽകിയതായി അബുദാബി സ്റ്റെം സെൽ സെന്റർ (ADSCC) അറിയിച്ചു. ഇതിൽ 1200 പേരിൽ ചികിത്സയുടെ ഭാഗമായി രോഗബാധ പൂർണ്ണമായും ഇല്ലാതായതായും ADSCC കൂട്ടിച്ചേർത്തു.

ഗുരുതരമായ സ്ഥിതിയിലുള്ള COVID-19 ബാധിതർക്ക് ഈ ചികിത്സ സൗജന്യമായി നൽകുന്നതിനുള്ള യു എ ഇ സർക്കാരിന്റെ തീരുമാനത്തെ തുടർന്നാണ്, പ്രാഥമിക ക്ലിനിക്കൽ ട്രയൽ ഘട്ടത്തിലെ 73 പേരിലെ പരീക്ഷണത്തിൽ നിന്ന്, നിലവിലെ ഈ ചികിത്സകളുടെ എണ്ണത്തിലുള്ള വർദ്ധനവ്. UAECell19 എന്ന പേരിട്ടിട്ടുള്ള ഈ ചികിത്സാ രീതിയിൽ പ്രകടമായ ഫലപ്രാപ്തിയും, സുരക്ഷയും, പ്രതികൂലമായ ഫലങ്ങളുടെ അഭാവവും കണക്കിലെടുത്താണ് കൂടുതൽ രോഗബാധിതരിൽ ഇത് നൽകുന്നതിന് സർക്കാർ തീരുമാനിച്ചത്.

കൊറോണ വൈറസ് ബാധിതർക്കായി മെയ് മാസത്തിലാണ് ADSCC രോഗബാധിതനിൽ നിന്ന് തന്നെയെടുക്കുന്ന വിത്തുകോശങ്ങളുമായി ബന്ധപ്പെട്ട ഈ ചികിത്സാ രീതി പ്രഖ്യാപിച്ചത്. പ്രാഥമിക ക്ലിനിക്കൽ ട്രയലുകൾക്ക് ശേഷം, മറ്റു ചികിത്സാരീതികൾക്ക് 22 ദിവസത്തെ ഹോസ്പിറ്റൽ വാസം വേണ്ടിടത്ത്, UAECell19 കേവലം 6 ദിവസത്തിനുള്ളിൽ രോഗബാധിതരിൽ ഫലം കാണുന്നതായി ADSCC നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൊറോണ വൈറസ് ബാധിതർ, മറ്റു ചികിത്സകളെക്കാൾ ഏഴു ദിവസത്തിനുള്ളിൽ സുഖം പ്രാപിക്കുന്നതിനു UAECell19, 3.1 മടങ്ങ് സാധ്യത പ്രകടമാക്കിയതായും അധികൃതർ അറിയിച്ചിരുന്നു. നിലവിൽ ഈ ചികിത്സാരീതിയുടെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിനുള്ള വിവിധ തയ്യാറെടുപ്പുകൾ നടന്നു വരുന്നതായി ADSCC വ്യക്തമാക്കി.