ഹോം ക്വാറന്റീൻ നിർദ്ദേശങ്ങളിൽ വീഴ്ചകൾ വരുത്തുന്ന വിദേശികൾക്കെതിരെ കുവൈറ്റിൽ നിയമ നടപടികൾ കർശനമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിദേശത്തു നിന്ന് യാത്രചെയ്‌തെത്തുന്ന പ്രവാസികൾ, അവർക്ക് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഹോം ക്വാറന്റീൻ കാലാവധിയിൽ വരുത്തുന്ന വീഴ്ചകൾ നിയമനടപടികൾക്കായി കോടതിയിലേക്ക് ശുപാർശ ചെയ്യാൻ കുവൈറ്റ് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇത്തരം നിയമലംഘകർക്ക് പകർച്ചവ്യാധി നിയമപ്രകാരം പരമാവധി 3 മാസത്തെ തടവോ, 5000 ദിനാർ പിഴയോ, ഇവ രണ്ടും കൂടിയോ ചുമത്താവുന്നതാണ്. പൊതു സമൂഹത്തിന്റെ ആരോഗ്യ സുരക്ഷ മുൻനിർത്തി, കുവൈറ്റിലേക്ക് പ്രവേശിക്കുന്ന എല്ലാ വിദേശികളോടും, രാജ്യത്ത് നിലവിലുള്ള ഹോം ക്വാറന്റീൻ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.