കുവൈറ്റ്: വരും ദിനങ്ങളിൽ ശക്തമായ കാറ്റ് മൂലം കാഴ്ച്ച തടസപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി

GCC News

ശക്തമായ കാറ്റ് മൂലം രാജ്യത്ത് വരുന്ന ദിനങ്ങളിൽ കാഴ്ച്ച തടസപ്പെടാൻ സാധ്യതയുണ്ടെന്ന് കുവൈറ്റ് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. 2022 മെയ് 29-ന് കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2022 മെയ് 30, തിങ്കളാഴ്ച്ച ഉച്ച മുതൽ കുവൈറ്റിൽ ശക്തമായ വടക്ക്പടിഞ്ഞാറൻ കാറ്റ് അനുഭവപ്പെടാൻ ഇടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 55 കിലോമീറ്റർ വരെ രേഖപ്പെടുത്താമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

കാറ്റിന്റെ വേഗത ഇതിലും ഉയരുന്നതിന് സാധ്യത ഉണ്ടെന്നും, കാറ്റിന്റെ തീവ്രത മൂലം കാഴ്ച്ച ആയിരം മീറ്ററിൽ താഴെ എന്ന രീതിയിലേക്ക് ചുരുങ്ങാമെന്നും കാലാവസ്ഥാ അധികൃതർ കൂട്ടിച്ചേർത്തു. കടലോരമേഖലകളിൽ ആറ് അടി വരെ ഉയരമുള്ള തിരമാലകൾ അനുഭവപ്പെടാവുന്നതാണ്. ജൂൺ 1 ബുധനാഴ്ച്ച മുതൽ കാറ്റിന്റെ തീവ്രത പടിപടിയായി കുറയുന്നതിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.