ഒമാൻ: 2020-2021 അധ്യയന വർഷത്തിലെ പാഠ്യപദ്ധതി എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജം

GCC News

2020-2021 അധ്യയന വർഷത്തിലെ പാഠ്യപദ്ധതി എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് വ്യാപനത്തിന് മുൻപ് തയ്യാറാക്കിയിരുന്ന പാഠ്യപദ്ധതിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ഈ വർഷത്തെ ഔദ്യോഗിക പഠനരീതികൾ എന്ന നിലയിൽ പ്രചരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ ഇതിനു സാധുതയില്ലെന്നും, മന്ത്രാലയത്തിൽ നിന്നുള്ള ഔദ്യോഗികമായ അറിയിപ്പ് എന്ന നിലയിൽ ഇത് പ്രചരിപ്പിക്കുന്നത് തെറ്റാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

പുതിയ അധ്യയന വർഷത്തിലെ പാഠ്യപദ്ധതികൾ നിലവിൽ മന്ത്രാലയം തയ്യാറാക്കി വരികയാണെന്നും മന്ത്രാലയം അറിയിച്ചു. 2020-2021 അധ്യയന വർഷത്തിലെ പാഠ്യപദ്ധതിയും, അനുബന്ധ രേഖകളും മന്ത്രാലയം പിന്നീട് പ്രസിദ്ധപ്പെടുത്തുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്തരം വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള അറിയിപ്പുകൾ പിന്തുടരാനും അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു.

ഒമാനിലെ 2020-2021 അധ്യയന വർഷം നവംബർ 1, ഞായറാഴ്ച്ച മുതൽ ആരംഭിക്കാൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി ഓഗസ്റ്റ് 13-നു അറിയിച്ചിരുന്നു. ഈ തീരുമാനം നടപ്പിലാക്കുന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങളും, മാനദണ്ഡങ്ങളും വിദ്യാഭ്യാസ മന്ത്രാലയം പിന്നീട് പ്രഖ്യാപിക്കുന്നതാണെന്നും സുപ്രീം കമ്മിറ്റി അറിയിച്ചിരുന്നു.