അബുദാബിയിൽ സൂപ്പർമാർക്കറ്റുകളും ഫാർമസികളും രാത്രി 12 മണി വരെയെങ്കിലും നിർബന്ധമായും പ്രവർത്തിപ്പിക്കാൻ നിർദ്ദേശം

GCC News

അബുദാബിയിലെ സൂപ്പർമാർക്കറ്റുകൾ, ഗ്രോസറി സ്റ്റോറുകൾ, ഫാർമസികൾ എന്നിവ നിലവിലെ സാഹചര്യത്തിൽ ദിനവും പാതിരാത്രി വരെയെങ്കിലും നിർബന്ധമായും പ്രവർത്തിപ്പിക്കണമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (DED) നിർദ്ദേശം നൽകി. കൊറോണാ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ നിലവിലുള്ള നിയന്ത്രണങ്ങളും, സുരക്ഷയുടെ ഭാഗമായുള്ള നടപടികളും മൂലം പൊതുജനങ്ങൾക്ക് അവശ്യവസ്തുക്കളുടെ ലഭ്യതയിൽ ബുദ്ധിമുട്ടുകൾ നേരിടാതിരിക്കാനാണ് ഈ നിർദ്ദേശം.

ഇത്തരം സ്ഥാപനങ്ങൾക്ക് സാധ്യമെങ്കിൽ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി DED നൽകിയിട്ടുണ്ട്.

ആരോഗ്യ സുരക്ഷയുടെ ഭാഗമായി ഇത്തരം സ്ഥാപനങ്ങളിൽ ഒരേസമയം ഉൾക്കൊള്ളാവുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ കർശന നിയന്ത്രണങ്ങൾ ഉള്ളതിനാൽ നിലവിൽ സാധനങ്ങൾ വാങ്ങുന്നതിനു പതിവിലും സമയക്കൂടുതൽ അനുഭവപ്പെടുന്നുണ്ട്. ഈ അവസരത്തിൽ ഇത്തരം സ്ഥാപനങ്ങൾ നിർബന്ധമായും പാതിരാത്രി വരെ തുറന്ന് പ്രവർത്തിക്കാനുള്ള നിർദ്ദേശം ജനങ്ങൾക്ക് ആശ്വാസമാകും.