ഒമാൻ: രോഗബാധിതരുമായുള്ള സമ്പർക്കം, ഒത്തുചേരലുകൾ എന്നിവ രോഗവ്യാപനത്തിനിടയാക്കുന്നു

GCC News

ഒമാനിലെ കുടുംബങ്ങൾക്കിടയിൽ രോഗവ്യാപനത്തിന്റെ തോത് ക്രമാതീതമായി വര്‍ദ്ധിക്കുന്നതിൽ സുപ്രീം കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൗദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ ജൂലൈ 14-നു ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഒമാൻ പൗരന്മാരുടെ ഇടയിൽ വർദ്ധിച്ച് വരുന്ന രോഗബാധ പ്രത്യേകമായി ചർച്ചചെയ്യപ്പെട്ടത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രോഗബാധിതരുടെ ഏതാണ്ട് 70 ശതമാനം നിലവിൽ ഒമാൻ പൗരന്മാരാണ്.

ഒമാനിൽ COVID-19 രോഗവ്യാപനത്തിന്റെയും, മരണനിരക്കിൻെറയും തോത് ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ ഏതാനം ദിവസങ്ങളിലായി ഒമാനിൽ പ്രകടമാകുന്ന രോഗവ്യാപന തോതിലെ വർദ്ധനവ്, രാജ്യത്ത് തുടരുന്ന സാമൂഹിക സന്ദർശനങ്ങൾ, കുടുംബയോഗങ്ങൾ, രോഗബാധിതരുമായുള്ള അടുത്ത സമ്പർക്കം എന്നിവ മൂലമാണെന്ന് സുപ്രീം കമ്മിറ്റി അഭിപ്രായപ്പെട്ടു.

“രാജ്യത്ത്, പ്രത്യേകിച്ചും ഒമാൻ പൗരന്മാരുടെ ഇടയിൽ, പ്രകടമാകുന്ന ഉയർന്ന രോഗവ്യാപന തോതും, മരണനിരക്കും, കമ്മിറ്റി വിശകലനം ചെയ്തു. സുരക്ഷാ നിർദ്ദേശങ്ങൾ മറികടന്നുകൊണ്ട് രോഗബാധിതരുമായി ഇടപഴകുന്നതും, കുടുംബങ്ങൾ തമ്മിലുള്ള സന്ദർശനങ്ങളും നിർബാധം തുടരുകയാണ്. ഇത് രോഗബാധയുടെ തോത് വർദ്ധിപ്പിച്ചിട്ടുണ്ട്.”, യോഗത്തിനു ശേഷം സുപ്രീം കമ്മിറ്റി വ്യക്തമാക്കി. “ഇത് തീർത്തും ആശങ്കകൾക്കിടയാക്കുന്നതാണ്. രാജ്യത്തെ എല്ലാ പൗരന്മാരോടും, നിവാസികളോടും ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും, അതീവ ജാഗ്രത പുലർത്താനും ഞങ്ങൾ ആവശ്യപ്പെടുന്നു.”, സുപ്രീം കമ്മിറ്റി കൂട്ടിച്ചേർത്തു.

രാജ്യത്ത് ഉയർന്നു വരുന്ന രോഗവ്യാപനത്തിന്റെയും, മരണനിരക്കിൻെറയും പശ്ചാത്തലത്തിൽ ധോഫർ ഗവർണറേറ്റിലും, മസിറ വിലായത്തിലും ഏർപ്പെടുത്തിയിട്ടുള്ള ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരാനും സുപ്രീം കമ്മിറ്റി ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.