അൽ ഐനിൽ, കൊറോണാ വൈറസ് രോഗലക്ഷണങ്ങൾ ഉള്ളവർക്ക് പരിശോധനകൾ നടത്തുന്നതിന് സഹായകമാകുന്ന രണ്ട് മൊബൈൽ COVID-19 പരിശോധനാകേന്ദ്രങ്ങൾ ആരംഭിച്ചതായി തവാം ഹോസ്പിറ്റൽ അറിയിച്ചു. അബുദാബി ഹെൽത്ത് സർവീസസ് കമ്പനിയുടെ (SEHA) കീഴിലാണ് അൽ ഐനിലെ തവാം ഹോസ്പിറ്റൽ പ്രവർത്തിക്കുന്നത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായുള്ള SEHA-യുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുന്നതിനായാണ്, പുതിയ രണ്ട് മൊബൈൽ COVID-19 സ്ക്രീനിങ്ങ് കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുള്ളതെന്ന് തവാം ഹോസ്പിറ്റൽ ഓപ്പറേഷൻസ് ഡയറക്ടർ യൂസഫ് അൽ കെത്ബി വ്യക്തമാക്കി.
ഇതിൽ ആദ്യത്തെ ക്ലിനിക്ക് അൽ ജിമി മാളിന് എതിർവശത്തായാണ് പ്രവർത്തനസജ്ജമാക്കിയിരിക്കുന്നത്. രണ്ടാമത്തെ സ്ക്രീനിങ്ങ് കേന്ദ്രം അൽ ഐനിലെ ഹിലി ഇൻഡസ്ട്രിയൽ സോണിലാണ് പ്രവർത്തിക്കുന്നത്. അൽ ജിമി മാളിന് എതിർവശത്ത് പ്രവർത്തിക്കുന്ന COVID-19 പരിശോധനാ കേന്ദ്രത്തിൽ ആഴ്ചയിൽ ഏഴു ദിവസവും ഉച്ചയ്ക്ക് 12 മണി മുതൽ വൈകീട്ട് 7 മണി വരെ കോർണ വൈറസ് പരിശോധനകൾ നടത്താവുന്നതാണെന്ന് അൽ കെത്ബി അറിയിച്ചു. ഹിലി ഇൻഡസ്ട്രിയൽ സോണിലെ പരിശോധനാ കേന്ദ്രം ആഴ്ചയിൽ ഏഴു ദിവസവും രാവിലെ 10 മുതൽ വൈകീട്ട് 5 വരെ പ്രവർത്തിക്കുന്നതാണ്.
പുതുതായി ആരംഭിച്ച രണ്ട് COVID-19 സ്ക്രീനിങ്ങ് കേന്ദ്രങ്ങളിലും പരിശോധനകൾ നടത്തുന്നതിനായി 10 ഡോക്ടർമാരുൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകർ സജ്ജരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിശോധനകൾക്കായി വരുന്നവർക്ക് തെർമൽ സ്ക്രീനിംഗ് നടത്തിയ ശേഷം, രോഗലക്ഷണങ്ങൾ ഉണ്ടോ എന്നറിയുന്നതിനുള്ള ആരോഗ്യ പരിശോധനകൾക്ക് വിധേയരാക്കുമെന്നും, തുടർന്ന് ഇവരിൽ നിന്ന് COVID-19 ടെസ്റ്റിംഗിനായി സ്രവം സ്വീകരിക്കുമെന്നും അൽ കെത്ബി വ്യക്തമാക്കി. 48 മണിക്കൂറിനുള്ളിൽ പരിശോധനാ ഫലങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.