സൗദി: ടാക്സി ഡ്രൈവർമാരുടെ യൂണിഫോം സംബന്ധിച്ച നിയമം പ്രാബല്യത്തിൽ വന്നു

GCC News

രാജ്യത്തെ ടാക്സി ഡ്രൈവർമാർക്ക് അംഗീകൃത യൂണിഫോം ഏർപ്പെടുത്തുന്നത് സംബന്ധിച്ച നിയമം 2022 ജൂലൈ 12 മുതൽ സൗദി അറേബ്യയിൽ പ്രാബല്യത്തിൽ വന്നു. 2022 ജൂലൈ 12-ന് സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇത്തരം ഒരു നിയമം ഏർപ്പെടുത്താൻ തീരുമാനിച്ചതായി സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി 2022 മെയ് മാസത്തിൽ അറിയിച്ചിരുന്നു. ഈ തീരുമാനം രാജ്യത്തെ സ്ത്രീ, പുരുഷ ടാക്സി (വാടകയ്ക്കുള്ള സ്വകാര്യ വാഹനങ്ങൾ, ഇ-ആപ്പുകളിലൂടെ യാത്രാ സേവനങ്ങൾ നൽകുന്ന മറ്റു സ്ഥാപനങ്ങളുടെ വാഹനങ്ങൾ എന്നിവ ഉൾപ്പെടെ) ഡ്രൈവർമാർക്ക് ബാധകമാണ്.

ഈ തീരുമാന പ്രകാരം താഴെ പറയുന്ന രീതിയിലാണ് ടാക്സി ഡ്രൈവർമാർക്ക് യൂണിഫോം ഏർപ്പെടുത്തുന്നത്:

  • പുരുഷ ഡ്രൈവർമാർ – ദേശീയ വസ്ത്രം, അല്ലെങ്കിൽ നീണ്ട കൈയോട് കൂടിയ ഗ്രേ നിറത്തിലുള്ള ഷർട്ട്. കറുത്ത പാന്റ്. കറുത്ത ബെൽറ്റ്. ആവശ്യമെങ്കിൽ ഇതിന് പുറമെ ജാക്കറ്റ് ധരിക്കേണ്ടതാണ്.
  • സ്ത്രീ ഡ്രൈവർമാർ – അബായ, അല്ലെങ്കിൽ ബ്ലൗസ്, പാന്റ്. ഇതിനു പുറമെ ജാക്കറ്റ് അല്ലെങ്കിൽ കോട്ട്.
  • എല്ലാ ഡ്രൈവർമാരും തങ്ങളുടെ ഐഡി കാർഡ് കൈവശം കരുതേണ്ടതാണ്.

ഈ തീരുമാനം പാലിക്കാത്തവർക്കെതിരെ നിയമ നടപടികൾ ഉണ്ടാകുമെന്ന് സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.