യു എ ഇ: സ്വകാര്യ മേഖലയിലെ പുതിയ തൊഴിൽ നിയമം ഫെബ്രുവരി 2 മുതൽ പ്രാബല്യത്തിൽ വരും

GCC News

രാജ്യവ്യാപകമായി തൊഴിൽ വിപണിയുടെ വഴക്കം, പ്രതിരോധശേഷി, സുസ്ഥിരത എന്നിവ വർദ്ധിപ്പിക്കാനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ലക്ഷ്യമിട്ട് യു എ ഇയിലെ സ്വകാര്യ തൊഴിൽ മേഖലയിൽ നടപ്പിലാക്കുന്ന പുതിയ നിയമങ്ങൾ ഇന്ന് (2022 ഫെബ്രുവരി 2) മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. തൊഴിലാളികളുടെ ക്ഷേമവും നന്മയും അതിന്റെ കാതലായി സ്ഥാപിക്കുന്ന ഈ നിയമത്തിൽ സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും സുരക്ഷിതവും ആരോഗ്യകരവും ബിസിനസ്സ് അനുകൂലവുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിന് നിരവധി നടപടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ തൊഴിൽ മേഖലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ സംബന്ധിച്ച 1980-ലെ ഫെഡറൽ നിയമം 8, 2022 ഫെബ്രുവരി 2 മുതൽ റദ്ദാക്കുന്നതായും, യു എ ഇയിലെ സ്വകാര്യ മേഖലയിലെ തൊഴിൽ ബന്ധങ്ങളുടെ നിയന്ത്രണം സംബന്ധിച്ച് നടപ്പിലാക്കുന്ന 2021-ലെ നമ്പർ 33 എന്ന പുതിയ നിയമം ഫെബ്രുവരി 2 മുതൽ പ്രാബല്യത്തിൽ വരുന്നതായും യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) ഫെബ്രുവരി 1-ന് വൈകീട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. ഫെബ്രുവരി 2 മുതൽ രാജ്യത്തെ മുഴുവൻ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ, തൊഴിലാളികൾ, തൊഴിലുടമകൾ എന്നിവർ ഈ പുതിയ നിയമത്തിന്റെ പരിധിയിൽ വരുമെന്നും MOHRE വ്യക്തമാക്കിയിട്ടുണ്ട്.

MOHRE പുറത്തിറക്കിയിട്ടുള്ള കണക്കുകൾ പ്രകാരം, 2021 അവസാനത്തോടെ രാജ്യത്ത് 4903612 പേർ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്നുണ്ടെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 30 മുതൽ 34 വയസ്സ് വരെ പ്രായമുള്ളവരാണ് സ്വകാര്യ മേഖലയിൽ ഏറ്റവും കൂടുതൽ തൊഴിലെടുക്കുന്നതെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു.

ഫ്രീ സോണുകളിലെ കമ്പനികൾ ഒഴികെ 2021 അവസാനത്തോടെ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ എണ്ണം 373,966 ആണ്. 2020-നെ അപേക്ഷിച്ച് സ്ഥാപനങ്ങളുടെ എണ്ണത്തിൽ 22999 വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

2022 ഫെബ്രുവരി 2 മുതൽ രാജ്യത്ത് നിലവിൽ വരുന്ന പുതിയ തൊഴിൽ നിയമങ്ങൾ പ്രകാരം തൊഴിലാളികൾക്ക് നിരവധി ആനുകൂല്യങ്ങളും, അവകാശങ്ങളും ലഭിക്കുന്നതാണ്. ഈ നിയമത്തിലെ തൊഴിലിടങ്ങളിലെ വിവേചനങ്ങൾ ഒഴിവാക്കുന്നതിനുള്ള വ്യവസ്ഥകൾ അനുസരിച്ച്, തൊഴിൽ ദാതാവ് തൊഴിലാളിയെ ഏതെങ്കിലും രീതിയിൽ നിർബന്ധിക്കുന്നതോ ശിക്ഷിക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ ഒരു മാർഗവും ഉപയോഗിക്കരുതെന്ന് അനുശാസിക്കുന്നുണ്ട്. തൊഴിലാളികൾക്കെതിരെ അവരുടെ മേലുദ്യോഗസ്ഥർ അല്ലെങ്കിൽ സഹപ്രവർത്തകർ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ അല്ലെങ്കിൽ വാക്കാലുള്ള ശാരീരികമോ മാനസികമോ ആയ അക്രമങ്ങളും വംശം, നിറം, ലിംഗം, മതം, ദേശീയത അല്ലെങ്കിൽ വൈകല്യം എന്നിവ അടിസ്ഥാനമാക്കിയുള്ള ഏതെങ്കിലും തരത്തിലുള്ള വിവേചനവും ഈ നിയമം നിരോധിക്കുന്നു.

സ്ത്രീകളുടെ സമത്വം ഉറപ്പാക്കാനും അവർക്കെതിരായ ഏതെങ്കിലും വിവേചനം നിരോധിക്കാനും ലക്ഷ്യമിടുന്ന വ്യവസ്ഥകളും ഈ നിയമത്തിന്റെ ഭാഗമാണ്. ഒരേ ജോലിയ്‌ക്കോ തുല്യ മൂല്യമുള്ള ജോലിയ്‌ക്കോ പുരുഷന്മാർക്ക് തുല്യമായ വേതനം സ്ത്രീകൾക്ക് ലഭിക്കുന്നുവെന്നും ഈ നിയമം ഉറപ്പാക്കുന്നു.

തൊഴിലുടമകൾക്ക് തങ്ങളുടെ സ്ഥാപനങ്ങളിലെ തൊഴിൽ ആവശ്യങ്ങൾക്ക് അനുസൃതമായി പുതിയ തൊഴിൽ രീതികൾ അവലംബിക്കുന്നതിനുള്ള വ്യവസ്ഥകൾ ഈ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി മുഴുവൻ സമയ, പാർട്ട് ടൈം, താൽക്കാലിക, ഫ്ലെക്സിബിൾ വർക്ക് മോഡലുകൾ ഉൾപ്പെടെയുള്ള ചെലവുകൾ കുറയ്ക്കുന്നതിനുള്ള പുതിയ തൊഴിൽ മാതൃകകൾ ഈ നിയമം അവതരിപ്പിക്കുന്നു. സ്ഥിരമായ തൊഴിൽ കരാറുകളുടെ കാലാവധി മൂന്ന് വർഷത്തിൽ കവിയാൻ പാടില്ലെന്നും, അത് സമാനമായതോ കുറഞ്ഞതോ ആയ കാലയളവിലേക്ക് എത്ര തവണ വേണമെങ്കിലും നീട്ടുകയോ പുതുക്കുകയോ ചെയ്യാമെന്നും പുതിയ നിയമം അനുശാസിക്കുന്നു.

കമ്പനിയുടെ സ്വന്തം വിവേചനാധികാരത്തിൽ അധിക പ്രതിവാര അവധി ദിവസങ്ങൾക്കുള്ള സാധ്യതയോടെ എല്ലാ ആഴ്‌ചയിലും ഒരു ശമ്പളത്തോടെയുള്ള അവധിക്ക് തൊഴിലാളികൾക്ക് അർഹതയുണ്ടെന്ന് നിയമം അനുശാസിക്കുന്നു. കൂടാതെ തൊഴിലാളികൾക്ക് അഞ്ച് ദിവസത്തെ പാറ്റേണിറ്റി അവധി അനുവദിക്കുന്നതിനും, വെക്കേഷന് പുറമെ കുടുംബാംഗങ്ങളുടെ മരണം, മാനുഷിക പരിഗണന ആവശ്യമുള്ള മറ്റു സാഹചര്യങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് മൂന്ന് മുതൽ അഞ്ച് ദിവസം വരെ പ്രത്യേക ലീവ് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളും ഈ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ നിയമപ്രകാരം യു എ ഇയിലെ സ്വകാര്യ തൊഴിൽ മേഖലയിൽ 2022 ഫെബ്രുവരി 2 മുതൽ പ്രാബല്യത്തിൽ വരുന്ന പ്രധാന മാറ്റങ്ങൾ താഴെ പറയുന്ന വിലാസത്തിൽ നിന്ന് ലഭ്യമാണ്:

യു എ ഇയിലെ സ്വകാര്യ മേഖലയിലെ തൊഴിൽ ബന്ധങ്ങളുടെ നിയന്ത്രണം സംബന്ധിച്ച് നടപ്പിലാക്കുന്ന പുതിയ നടപടികളുമായി ബന്ധപ്പെട്ട് പ്രസിഡന്‍റ് H.H. ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫെഡറൽ ഉത്തരവ് 2021-ലെ നമ്പർ 33 നിയമം കഴിഞ്ഞ വർഷം നവംബറിൽ ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു.

WAM