ദുബായ് എക്കണോമിയുടെ ബിസിനസ് രജിസ്‌ട്രേഷൻ ആൻഡ് ലൈസൻസിങ്ങിന്റെ (BRL) ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ജുമൈറയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 3,648 ആയി. ഇതിൽ വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള 1919 സ്ഥാപനങ്ങളും, 1663 പ്രൊഫെഷണൽ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളും, 48 ടൂറിസം കമ്പനികളും, 18 വ്യവസായ സ്ഥാപനങ്ങളും ഉൾപ്പെടുന്നതായി ദുബായ് എക്കണോമി ഓഗസ്റ്റ് 8-നു പുറത്തുവിട്ട പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.
ഇതിൽ 49.5 ശതമാനം സ്ഥാപനങ്ങളും ലിമിറ്റഡ് ലയബിലിറ്റി കമ്പനികളായാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 36.6 ശതമാനം സ്ഥാപനങ്ങൾ ഏക വ്യക്തികളുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള സോൾ എസ്റ്റാബ്ലിഷ്‌മെന്റ് സ്ഥാപനങ്ങളാണ്. 5.3 സ്ഥാപനങ്ങൾ സിവിൽ കമ്പനികളുമാണ്. ഏക വ്യക്തികളുടെ പേരിൽ രജിസ്റ്റർ ചെയ്ത ലിമിറ്റഡ് ലയബിലിറ്റി കമ്പനികൾ, ജനറൽ പാർട്ണർഷിപ്പ്, മറ്റു എമിറേറ്റിലുള്ള സ്ഥാപനങ്ങളുടെ ശാഖകൾ, വിദേശ രാജ്യങ്ങളിലെ സ്ഥാനപങ്ങളുടെ ശാഖകൾ, ലിമിറ്റഡ് പാർട്ട്ണർഷിപ്പ് സ്ഥാപനങ്ങൾ മുതലായവയും ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.
ജുമൈറയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലുമായി ആകെ 25,219 ഓഹരിയുടമകൾ ഉള്ളതായും, ഇതിൽ 749 പേർ (ഏതാണ്ട് 2.8 ശതമാനം) വനിതാ സംരംഭകരാണെന്നും ദുബായ് ഇക്കോണമി റിപ്പോർട്ടിലെ കണക്കുകൾ വ്യക്തമാക്കുന്നു. റെസ്ടാറന്റുകൾ, കഫെ, റെഡിമെയ്ഡ് തുണിത്തരങ്ങളുടെ വിപണനം, മെഡിക്കൽ ക്ലിനിക് മുതലായവയാണ് ഈ മേഖലയിലെ പ്രധാന പ്രവർത്തനങ്ങൾ. ഇവയ്ക്ക് പുറമെ ഇലക്ട്രോണിക്സ്, സ്ത്രീകളുടെ സലൂൺ, റിയൽ എസ്റ്റേറ്റ് മുതലായ മേഖലകളിലുള്ള സ്ഥാപനങ്ങളും ജുമൈറയിൽ പ്രവർത്തിച്ചു വരുന്നുണ്ട്.
ദുബായിലെ പഴക്കം ചെന്ന ഒരു പ്രദേശമാണ് ജുമൈറ. ജുമൈറ പള്ളി ഇവിടുത്തെ ഒരു പ്രധാന അടയാളമാണ്. മെർകാറ്റോ, ടൌൺ സെന്റർ ജുമൈറ, ബീച്ച് സെന്റർ മുതലായ വാണിജ്യ കേന്ദ്രങ്ങളും, ധാരാളം ഭക്ഷണശാലകളും, കഫേകളും, നിരവധി റിസോർട്ടുകളുള്ള ജുമൈറ ബീച്ച് എന്നിവ ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. ബുർജ് അൽ അറബ്, ജുമൈറ ബീച്ച് ഹോട്ടൽ എന്നിവയും ഈ പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്.