അബുദാബിയിലെ മാളുകൾ, ഭക്ഷ്യവിപണന കേന്ദ്രങ്ങൾ, ഗ്രോസറികൾ, ഫാർമസികൾ എന്നിവിടങ്ങളിലെ പ്രവേശന കവാടങ്ങളിൽ നിർബന്ധമായും തെർമൽ ക്യാമറകൾ സ്ഥാപിക്കാൻ ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെൻറ് (DED) നിർദ്ദേശം നൽകി. ഇതു സംബന്ധിച്ച അറിയിപ്പുകൾ ഇത്തരം വാണിജ്യ കേന്ദ്രങ്ങൾക്ക് DED നൽകിയിട്ടുണ്ട്.
ഉപഭോക്താക്കളുടെ ശരീരോഷ്മാവ് അളക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിലൂടെ രോഗ ലക്ഷണങ്ങൾ ഉള്ളവരെ തിരിച്ചറിയുന്നതിനായാണ് ഈ സംവിധാനം നിർബന്ധമാക്കുന്നത്.
വ്യാപാര സ്ഥാപനങ്ങൾക്ക് തെർമൽ ക്യാമറകൾ, നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ (NCEMA) നിന്ന് വാടകയ്ക്ക് ലഭ്യമാക്കുമെന്ന് DED അറിയിപ്പിൽ പറയുന്നുണ്ട്. ഇത്തരം ക്യാമറകളിലൂടെ അധികൃതർക്ക് ദൃശ്യങ്ങൾ ലഭ്യമാക്കുന്നതിനായി കേന്ദ്രീകൃതമായ ഒരു നെറ്റ്‌വർക്കുമായി ഇവയെ സംയോജിപ്പിക്കുന്നതിനും നിർദ്ദേശിച്ചിട്ടുണ്ട്.
വാണിജ്യ കേന്ദ്രങ്ങൾക്ക് DED പുതിയതായി നൽകിയിട്ടുള്ള മറ്റു സുരക്ഷാ നിർദ്ദേശങ്ങൾ:
- തിരക്കുകൾ ഒഴിവാക്കുന്നതിനായി വാണിജ്യ സ്ഥാപനങ്ങളിലും, മാളുകളിലും ഉപഭോക്താവിന് 2 മണിക്കൂറിലധികം നേരം ചിലവിടുന്നതിനു അനുവാദമുണ്ടാകില്ല.
- സ്ഥാപനങ്ങളുടെ പരമാവധി ശേഷിയുടെ 30 ശതമാനം ഉപഭോക്താക്കളെ മാത്രമേ ഒരേ നേരം അനുവദിക്കാവൂ.
- ഉപഭോക്താക്കൾക്ക് മാസ്കുകളും കയ്യുറകളും നിർബന്ധമാണ്.
- എസ്കലേറ്ററുകൾ ഉൾപ്പടെ ഉപഭോക്താക്കൾ ഉപയോഗിക്കുന്ന സംവിധാനങ്ങൾ തുടർച്ചയായി അണുവിമുക്തമാക്കണം.
- ഉപഭോക്താക്കൾ സമൂഹ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
യാസ് മാൾ, ജിമി മാൾ എന്നിവ മെയ് 2 മുതൽ തുറക്കും
അതിനിടെ അൽദാർ പ്രോപ്പർടീസിന്റെ കീഴിലുള്ള യാസ് മാൾ, ജിമി മാൾ എന്നീ വ്യാണിജ്യ കേന്ദ്രങ്ങൾ മെയ് 2 മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇവ DED-യുടെ എല്ലാ സുരക്ഷാ നിബന്ധനകളും നടപ്പിലാക്കിയതായി പരിശോധനകൾക്ക് ശേഷം DED വ്യക്തമാക്കി.
റമദാനിൽ ഉച്ചയ്ക്ക് 12 മുതൽ രാത്രി 9 വരെയായിരിക്കും ഈ മാളുകൾ പ്രവർത്തിക്കുക. മാളുകളിലെ വിനോദ കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല.