നവംബർ 1, ഞായറാഴ്ച്ച മുതൽ ആരംഭിക്കുന്ന ഉംറ തീർത്ഥാടനത്തിന്റെ മൂന്നാം ഘട്ടത്തിൽ പ്രതിദിനം പരമാവധി 20000 തീർത്ഥാടകർക്ക് ഉംറ അനുഷ്ഠിക്കുന്നതിനുള്ള അനുവാദം നൽകുമെന്ന് ഹജ്ജ്, ഉംറ വകുപ്പ് അറിയിച്ചു. ഇതിനു പുറമെ മക്കയിലെ ഗ്രാൻഡ് മോസ്‌കിലേക്ക് പ്രാർത്ഥനകൾക്കായി 60000 പേർക്ക് പ്രതിദിനം പ്രവേശനാനുവാദം നൽകുന്നതിനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. സൗദി ഹജ്ജ് ഉംറ വകുപ്പ് ഡെപ്യൂട്ടി മന്ത്രി ഡോ. അംറ് അൽ മദ്ധായാണ് ഇക്കാര്യം അറിയിച്ചത്. മക്ക ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ഒരു സംവാദത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഞായറാഴ്ച്ച മുതൽ രോഗസാധ്യത കുറഞ്ഞ രാജ്യങ്ങളിൽ നിന്നെത്തുന്ന വിദേശ തീർത്ഥാടകരെ കൂടി ഉംറ തീർത്ഥാടനത്തിൽ ഉൾപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരെ ഉംറ തീർത്ഥാടനത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി വരുന്നതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. വിദേശ തീർത്ഥാടകരെ ഉൾപ്പെടുത്തി തീർത്ഥാടനം വിപുലീകരിക്കുന്നതിനായി, 700-ൽ പരം ഉംറ സേവന സ്ഥാപനങ്ങൾ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തിയതായി അധികൃതർ വ്യക്തമാക്കിയിരുന്നു. മുഴുവൻ ഉംറ സേവന സ്ഥാപനങ്ങൾക്കും പരമാവധി ശേഷിയിൽ പ്രവർത്തിക്കുന്നതിനാവശ്യമായ പിന്തുണ മന്ത്രാലയം നൽകിയതായി ഡോ. അംറ് അൽ മദ്ധ അറിയിച്ചു.
വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകരുടെ ആഗമനം, താമസം, യാത്രാ സൗകര്യങ്ങൾ, തീർത്ഥാടനം മുതലായ എല്ലാ ഘട്ടങ്ങളും മന്ത്രാലയം കർശനമായ സുരക്ഷ ഉറപ്പാക്കികൊണ്ടാണ് നടപ്പിലാക്കുന്നതെന്നും, ഇത് നിരീക്ഷിക്കുന്നതിനും, നടപ്പിലാക്കുന്നതിനുമായുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായും അദ്ദേഹം വ്യക്തമാക്കി. കൊറോണ വൈറസ് പശ്ചാത്തലത്തിൽ കർശനമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകളോടെയാണ് തീർത്ഥാടനം നടപ്പിലാക്കുന്നത്.
വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറ തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഉംറ സേവനങ്ങൾ നൽകുന്നതിനായി മന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങളിലൂടെ അനുവാദം നേടണമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഉംറ അനുഷ്ഠിക്കുന്നതിനുള്ള അപേക്ഷ, തീർത്ഥാടകന്റെ സ്വകാര്യ വിവരങ്ങൾ, ആരോഗ്യ വിവരങ്ങൾ എന്നിവ ഇതിനായി ഇത്തരം സ്ഥാപനങ്ങൾക്ക് നൽകേണ്ടതാണെന്ന് ഡോ. അംറ് അൽ മദ്ധ അറിയിച്ചു. വിദേശ തീർത്ഥാടകർക്ക് സംഘങ്ങളായി രാജ്യത്തേക്ക് പ്രവേശിക്കുന്നതിനാണ് അനുമതി നൽകുക എന്നും, പരമാവധി 50 അംഗങ്ങളടങ്ങിയ സംഘങ്ങളെയാണ് പ്രവേശിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
18-നും, 50-നും ഇടയിൽ പ്രായമുള്ള വിദേശികൾക്കാണ് തീർത്ഥാടനത്തിന് അനുമതി നൽകുന്നത്. വിദേശത്തു നിന്നുള്ള തീർത്ഥാടകർക്ക് സൗദിയിൽ പ്രവേശിക്കുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 PCR നെഗറ്റീവ് ഫലം നിർബന്ധമാണ്. ഇവർക്ക് തീർത്ഥാടനത്തിനായി സൗദിയിൽ പ്രവേശിക്കുന്ന വേളയിൽ 3 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്.
ഒക്ടോബർ 4 മുതൽ, രാജ്യത്തിനകത്തുള്ള സൗദി പൗരന്മാരെയും, പ്രവാസികളെയും ഉൾപ്പെടുത്തി ആരംഭിച്ച തീർത്ഥാടനത്തിന്റെ ആദ്യ ഘട്ടത്തിൽ ദിനംപ്രതി 6000 പേർക്കാണ് ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവാദം നൽകിയിരുന്നത്. ഒക്ടോബർ 18-ന് ആരംഭിച്ച ഉംറ തീർത്ഥാടനത്തിന്റെ രണ്ടാം ഘട്ടത്തിൽ പ്രതിദിനം 15000 തീർത്ഥാടകർക്കാണ് ഉംറ അനുഷ്ഠിക്കുന്നതിന് അനുവാദം നൽകുന്നത്. ഇതോടൊപ്പം രണ്ടാം ഘട്ടത്തിൽ, മക്കയിലെ ഗ്രാൻഡ് മോസ്‌കിലേക്കും, പ്രവാചകന്റെ പള്ളിയിലേക്കും പ്രാർത്ഥനകൾക്കായി പ്രതിദിനം 40000 പേർക്ക് പ്രവേശനം നൽകുന്നുണ്ട്.