യു എ ഇ: ഓഗസ്റ്റ് 1 മുതൽക്കുള്ള വിമാനങ്ങളുടെ ടിക്കറ്റുകൾ ഇന്ന് വൈകീട്ട് 4 മണി മുതൽ ബുക്ക് ചെയ്യാം

UAE

ഓഗസ്റ്റ് 1 മുതൽക്കുള്ള, വന്ദേ ഭാരത് അഞ്ചാം ഘട്ടത്തിലെ വിമാനങ്ങളുടെ ടിക്കറ്റുകൾ ഇന്ന് (ജൂലൈ 27) വൈകീട്ട് 4 മണി (യു എ ഇ സമയം) മുതൽ നേരിട്ട് എയർ ഇന്ത്യ എക്സ്പ്രസ്സ് വഴി ബുക്ക് ചെയ്യാമെന്ന്, യു എ ഇയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നതിനായി എംബസിയിൽ രജിസ്റ്റർ ചെയ്ത പ്രവാസികൾക്കാണ് ഇത്തരത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയുക.

https://www.airindiaexpress.in എന്ന വിലാസത്തിലൂടെ എയർ ഇന്ത്യ എക്സ്പ്രസ്സ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. അല്ലെങ്കിൽ യു എ ഇയിലെ അംഗീകൃത എയർ ഇന്ത്യ എക്സ്പ്രസ് ബുക്കിങ്ങ് കേന്ദ്രങ്ങൾ വഴി ടിക്കറ്റുകൾ എടുക്കാവുന്നതാണ്. യാത്രികരുടെ ബന്ധപ്പെടാനുള്ള വിലാസം, പാസ്സ്‌പോർട്ട് വിവരങ്ങൾ എന്നിവ ബുക്കിംഗ് ചെയ്യുന്നതിന് നിർബന്ധമാണ്.

വന്ദേ ഭാരത് അഞ്ചാം ഘട്ടത്തിൽ യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് 105 വിമാനങ്ങളാണ് ഏർപെടുത്തിയിട്ടുള്ളത് എന്നാണ് എംബസിയിൽ നിന്നുള്ള സൂചനകൾ. ഓഗസ്റ്റ് 1 മുതൽ 15 വരെ ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്ന് 74 വിമാനങ്ങളും, അബുദാബിയിൽ നിന്ന് 31 വിമാനങ്ങളുമാണ് ഈ ഘട്ടത്തിൽ ഏർപ്പെടുത്തുന്നത്. ഇവയുടെ അന്തിമ പട്ടിക വിദേശകാര്യ മന്ത്രാലയം വെബ്‌സൈറ്റിൽ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.