അബുദാബിയിലെ റോഡുകളിലെ ടോൾ സംവിധാനമായ ‘DARB’ ഇന്ന് (2021 ജനുവരി 2, ശനിയാഴ്ച്ച) മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ(ITC) അറിയിച്ചു. ജനുവരി 2 മുതൽ ഈ ടോൾ സംവിധാനത്തിൽ റെജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾക്ക് അബുദാബിയിലെ ടോൾ ഗേറ്റുകളിലൂടെ കടന്നുപോകുന്ന അവസരത്തിൽ പിഴതുകകൾ ചുമത്തപ്പെടാമെന്നും ITC മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഷെയ്ഖ് സായിദ് പാലം, ഷെയ്ഖ് ഖലീഫ പാലം, അൽ മഖ്ത പാലം, മുസഫ പാലം എന്നിവിടങ്ങളിൽ ഇരുവശങ്ങളിലേക്കുമുള്ള ടോൾ ഗേറ്റുകളിലാണ് നിലവിൽ ടോൾ നടപ്പിലാക്കുന്നത്. ആഴ്ച്ച തോറും, ശനിയാഴ്ച്ച മുതൽ വ്യാഴാഴ്ച്ച വരെ, വാഹനഗതാഗതം ഏറ്റവും കൂടുതൽ ആയ മണിക്കൂറുകളിൽ (കാലത്ത് 7 മുതൽ 9 മണിവരെയും വൈകുന്നേരം 5 മുതൽ 7 മണിവരെയും), 4 ദിർഹം ആണ് ഓരോ തവണ ടോൾഗേറ്റിലൂടെ കടന്നു പോകുന്നതിനും ടോൾ തുകയായി ഈടാക്കുന്നത്. തുടർന്നുള്ള മണിക്കൂറുകളിലും, പൊതു അവധി, വെള്ളിയാഴ്‌ച്ച ദിവസങ്ങളിലും ടോൾ ഗേറ്റുകളിലൂടെ യാത്ര സൗജന്യമായിരിക്കും എന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ(ITC) അറിയിച്ചിട്ടുണ്ട്.
DARB മൊബൈൽ ആപ്പിലൂടെയോ, http://darb.itc.gov.ae എന്ന വെബ്സൈറ്റിലൂടെയോ ടോൾ സംവിധാനങ്ങളുമായി വാഹനങ്ങളെ ബന്ധപ്പെടുത്തുന്നതിനുള്ള ഓൺലൈൻ അക്കൗണ്ടുകൾ പ്രവർത്തനക്ഷമമാക്കാൻ സാധിക്കുന്നതാണ്. ഇതുവരെ 2 ലക്ഷത്തോളം ഇത്തരം അക്കൗണ്ടുകൾ റെജിസ്റ്റർ ചെയ്തതായി ITC വ്യക്തമാക്കി.
ഓരോ തവണ വാഹനങ്ങൾ ടോൾ ഗേറ്റിലൂടെ കടന്ന് പോകുമ്പോളും ഉപയോക്താക്കളുടെ അക്കൗണ്ടിൽ റീചാർജ് ചെയ്തിട്ടുള്ള തുകയിൽ നിന്ന് ടോൾ സ്വയമേവ ഈടാക്കുന്നതാണ്. ‘DARB’ ടോൾ ഗേറ്റ് അക്കൗണ്ട് റെജിസ്റ്റർ ചെയ്യുന്നതിനായി ഉപയോക്താക്കളിൽ നിന്നും ഓരോ വാഹനത്തിനും 100 ദിർഹം ഈടാക്കുന്നുണ്ട്. ഇതിൽ 50 ദിർഹം ടോൾ തുക അടയ്ക്കുന്നതിനായി ഉപയോഗിക്കാവുന്നതാണ്.
ഒരു വാഹനത്തിന് ഒരു ദിവസം പരമാവധി 16 ദിർഹം വരെയാണ് ടോൾ ആയി ഈടാക്കുന്നത്. ഒരു ഉപയോക്താവിന്റെ അക്കൗണ്ടിന് കീഴിൽ റെജിസ്റ്റർ ചെയ്തിട്ടുള്ള ആദ്യ വാഹനത്തിനു മാസത്തിൽ പരമാവധി 200 ദിർഹവും , രണ്ടാമത്തേ വാഹനത്തിന് പരമാവധി 150 ദിർഹവും, തുടർന്നുള്ള ഓരോ വാഹനത്തിനും പരമാവധി100 ദിർഹവും ആയി മാസ പരിധി നിജപ്പെടുത്തിയിട്ടുണ്ട്. സ്ഥാപനങ്ങളുടെ കീഴിൽ വരുന്ന വാഹനങ്ങൾക്ക് ഈ ഇളവ് ലഭ്യമല്ല.
ടോൾ ഇളവുകൾ:
മുതിർന്ന എമിറേറ്റി പൗരന്മാർ, വിരമിച്ച എമിറേറ്റി പൗരന്മാർ, കുറഞ്ഞ വരുമാനമുള്ള എമിറേറ്റി പൗരന്മാർ, അംഗപരിമിതർ എന്നീ വിഭാഗക്കാർക്ക് ടോൾ ഒഴിവാക്കി നൽകിയിട്ടുണ്ട്. പൊതു ബസുകൾ, സ്‌കൂൾ ബസുകൾ, അബുദാബിയിൽ രെജിസ്റ്റർ ചെയ്ത ടാക്സികൾ, അത്യാവശ്യ സേവനങ്ങൾക്കുള്ള വാഹനങ്ങൾ, ബൈക്കുകൾ, ഇലക്ട്രിക്ക് വാഹനങ്ങൾ മുതലായവയെ ടോളിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ടോൾ ഗേറ്റുകളിലൂടെ കടന്ന് പോകുന്നതിന് എല്ലാ വിഭാഗം വാഹനങ്ങൾക്കും, ഇളവുകൾ അനുവദിച്ചിട്ടുള്ളവർ ഉൾപ്പടെ, ‘DARB’ ടോൾ ഗേറ്റ് അക്കൗണ്ട് റെജിസ്ട്രേഷൻ നിർബന്ധമാണ്.
റെജിസ്റ്റർ ചെയ്യാത്ത ഒരു വാഹനം ആദ്യമായി ടോൾ ഗേറ്റിലൂടെ കടന്ന് പോകുമ്പോൾ ‘DARB’ ടോൾ ഗേറ്റ് അക്കൗണ്ട് റെജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനായി 10 പ്രവർത്തി ദിവസത്തെ സാവകാശം നൽകുന്നതാണ്. ഈ കാലയളവിനുള്ളിൽ റെജിസ്ട്രേഷൻ പൂർത്തിയാക്കാത്ത വാഹനങ്ങൾക്ക് പിഴ ചുമത്തുന്നതാണ്.
ടോൾ പിഴതുകകൾ:
- റെജിസ്റ്റർ ചെയ്യാത്ത ഒരു വാഹനം രണ്ടാമതും ടോൾ ഗേറ്റ് ഉപയോഗിക്കുന്ന അവസരത്തിൽ, സാവകാശ കാലാവധിക്കുള്ളിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയില്ലെങ്കിൽ 200 ദിർഹം പിഴ.
- ടോൾ സംവിധാനത്തിൽ റെജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾ ഒരു ടോൾ ഗേറ്റിലൂടെ രണ്ടാമതും കടന്ന് പോയതിന് ശേഷമുള്ള ഓരോ ടോൾ ഗേറ്റ് ഉപയോഗത്തിനും 400 ദിർഹം പിഴ ചുമത്തുന്നതാണ്.
- ടോൾ അക്കൗണ്ടിൽ മതിയായ ബാലൻസ് തുക ഇല്ലെങ്കിൽ 50 ദിർഹം പിഴ ചുമത്തുന്നതാണ്.
- ടോൾ ഒഴിവാക്കുന്നതിനായി വാഹനങ്ങളുടെ നമ്പർ പ്ലേറ്റിൽ തിരിമറി നടത്തിയാൽ 10000 ദിർഹം പിഴ ചുമത്തുന്നതാണ്.
- ടോൾ ഗേറ്റ്, ടോൾ ഗേറ്റുകളിലെ ഇലക്ട്രോണിക് സംവിധാനങ്ങൾ എന്നിവ കേടാക്കുന്നവർക്ക് 10000 ദിർഹം പിഴ ചുമത്തുന്നതാണ്.
അബുദാബി നഗരത്തിലേക്കുള്ള പാതകളിലെ ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനും, പൊതുഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ടോൾ സംവിധാനങ്ങൾ ലക്ഷ്യമിടുന്നതായി ITC വ്യക്തമാക്കി.