കൊറോണ വൈറസ് പശ്ചാത്തലത്തിലെ മാന്ദ്യതയ്ക്ക് ശേഷം എമിറേറ്റിലെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകൾ തിരിച്ചുവരവിന്റെ പാതയിലാണെന്ന് റാസ് അൽ ഖൈമ ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി (RAKTDA) പ്രഖ്യാപിച്ചു. COVID-19 നിയന്ത്രണങ്ങൾക്ക് ശേഷമുള്ള ആദ്യ ദിനങ്ങളിൽ നിന്നുള്ള ശക്തമായ സൂചനകൾ പ്രതീക്ഷയേകുന്നതാണെന്നും RAKTDA അറിയിച്ചു.
COVID-19 വ്യാപനം മൂലമുള്ള പ്രതിസന്ധി രൂക്ഷമായിരുന്ന കാലയളവിൽ, ഈ മേഖലയിലെ പ്രവർത്തനങ്ങളെ സംരക്ഷിക്കുന്നതിനായുള്ള വിവിധ പദ്ധതികൾ RAKTDA നടപ്പിലാക്കിയതായും, ഇവ മേഖലയുടെ പുനരധിവാസത്തിന് ആവശ്യമായ അടിത്തറപാകിയതായും അതോറിറ്റി വ്യക്തമാക്കി. സന്ദർശകരുടെയും, നിവാസികളുടെയും സംരക്ഷണത്തിനായി എമിറേറ്റിലുടനീളം നടപ്പിലാക്കിയ ആരോഗ്യ സുരക്ഷാ നടപടികൾ ടൂറിസം മേഖലയ്ക്ക് ശക്തമായി തിരികെ വരുന്നതിനു സഹായകമായതായും അതോറിറ്റി കൂട്ടിച്ചേർത്തു. കർശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്ക് ലഭിച്ച അന്താരാഷ്ട്ര തലത്തിലെ അംഗീകാരങ്ങൾ ഈ മേഖലയുടെ പ്രവർത്തനങ്ങൾക്ക് ആത്മവിശ്വാസവും, കരുത്തുമേകുന്നതാണ്.
ഈദുൽ അദ്‌ഹ അവധിദിവസങ്ങളിൽ, ദിനംപ്രതിയുള്ള മുറിവാടകയിൽ പ്രകടമായ ശരാശരി 12.9 ശതമാനത്തിന്റെ വളർച്ച, കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ ഏറ്റവും ഉയർന്ന ശരാശരി മുറിവാടക എന്നിവ ശക്തമായ സൂചനകളാണ്. കൊറോണ വൈറസ് സാഹചര്യത്തിലും റാസ് അൽ ഖൈമയിലെ ഹോട്ടലുകളിലെ ലഭ്യമായിട്ടുള്ള മുറികളിൽ നിന്നുള്ള വരുമാനനിരക്ക് (RevPAR) യു എ ഇയിലെ ഏറ്റവും ഉയർന്നതാണെന്നതും ആത്മവിശ്വാസം വളർത്തുന്നതാണ്.
ജൂൺ ആദ്യവാരത്തിലാരംഭിച്ച, പ്രാദേശിക യാത്രികരെ ലക്ഷ്യമിട്ടുള്ള ‘ഷോർട്ട്കേഷൻ’ പ്രചാരണപ്രവര്‍ത്തനത്തിനു രണ്ട് മാസത്തിനിടയിൽ 7000 ബുക്കിങ്ങുകളാണ് ലഭിച്ചത്. ഈദുൽ അദ്‌ഹ അവധിദിവസങ്ങളിൽ എമിറേറ്റിലെ ഹോട്ടലുകളിലും, റിസോർട്ടുകളിലുമായി 18000 അതിഥികൾ റാസ് അൽ ഖൈമയെ തങ്ങളുടെ മനസ്സിനിണങ്ങിയ ടൂറിസ്റ് ഇടമായി തിരഞ്ഞെടുത്തു. കർശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളോടെ ജെയ്‌സ് അഡ്വെഞ്ചർ പീക്കിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതും, 52000-ത്തിൽ പരം സഞ്ചാരികൾ ഇവിടെ സന്ദർശിച്ചതുമെല്ലാം എമിറേറ്റിലെ ടൂറിസം മേഖലയുടെ മടങ്ങിവരവിന്റെ ശക്തമായ സൂചനകളാണെന്ന് അതോറിറ്റി വ്യക്തമാക്കി.
സുരക്ഷിതം എന്ന് ബ്യൂറോ വെരിറ്റാസ് സാക്ഷ്യപ്പെടുത്തിയ ലോകത്തെ ആദ്യ നഗരം, വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്റെ (WTTC) സേഫ് ട്രാവൽ മുദ്ര ലഭിച്ച യു എ ഇയിലെ ആദ്യ എമിറേറ്റ് എന്നിവ അതിഥികൾക്ക് തങ്ങളുടെ യാത്രകൾക്കായി പൂർണ്ണ സുരക്ഷിതത്വത്തോടെ റാസ് അൽ ഖൈമയെ തിരഞ്ഞെടുക്കാൻ പ്രോത്സാഹനം നൽകുന്ന ഘടകങ്ങളാണ്. റാസ് അൽ ഖൈമയിലെ 45 ഹോട്ടലുകൾക്കും ബ്യൂറോ വെരിറ്റാസ് സാക്ഷ്യപത്രം ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ കൂടുതൽ സുരക്ഷയ്ക്കായി, ഹോസ്പിറ്റാലിറ്റി മേഖലയിലെ മുഴുവൻ ജീവനക്കാർക്കിടയിലും RAKTDA, നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി, റാസ് അൽ ഖൈമ പ്രിവന്റീവ് മെഡിസിൻ ഡിപ്പാർട്മെന്റ് എന്നിവർ സംയുക്തമായി സൗജന്യ COVID-19 PCR പരിശോധനകൾ നടപ്പിലാക്കിയിട്ടുണ്ട്.
Cover Photo Source: Ras Al Khaimah Tourism Development Authority