വിദേശത്ത് നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന യാത്രികർ, തങ്ങളുടെ കൈവശമുള്ള മുഴുവൻ മരുന്നുകളുടെയും കുറിപ്പടി യാത്രാവേളയിൽ കയ്യിൽ കരുതേണ്ടതാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. കൃത്യമായ കുറിപ്പടികൾ കൂടാതെ മരുന്നുകൾ കൈവശം വെക്കുന്ന യാത്രികർ നേരിടേണ്ടി വരാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഒമാൻ എയർപോർട്ട്സ് വ്യക്തമാക്കിയിട്ടുണ്ട്.
കൃത്യമായ കുറിപ്പടികൾ കൂടാതെ മരുന്നുകളുമായെത്തുന്ന യാത്രികർക്ക് പരിശോധനകൾ മൂലം യാത്രകൾ വൈകുന്നതിന് ഇടയുണ്ടെന്നും, ഇത്തരം മരുന്നുകൾ റോയൽ ഒമാൻ പോലീസ് പിടിച്ചെടുക്കുന്നതിന് സാധ്യതയുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനാൽ ഒമാനിലേക്ക് യാത്ര ചെയ്യുന്ന അവസരത്തിൽ, നിയമപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായും, യാത്ര സുഗമമാക്കുന്നതിനായും തങ്ങളുടെ കൈവശമുള്ള മരുന്നുകളുടെ കുറിപ്പ് കൈവശം കരുതാൻ യാത്രികരോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒമാനിൽ നിരോധിക്കപ്പെട്ടിട്ടുള്ളതായ മരുന്നുകളുമായി രാജ്യത്തേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ഉണ്ടായേക്കാവുന്ന നിയമപ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് ഇത് പ്രധാനമാണ്.