സൗദിയിലേക്ക് പ്രവേശിക്കുന്നവർ അറുപത്തിനായിരം റിയാലിൽ കൂടുതൽ മൂല്യമുള്ള കറൻസി, വിലപിടിച്ച വസ്തുക്കൾ എന്നിവ വെളിപ്പെടുത്തേണ്ടതാണ്

GCC News

സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന യാത്രികർ തങ്ങളുടെ കൈവശം അറുപത്തിനായിരം റിയാലിൽ കൂടുതൽ മൂല്യമുള്ള കറൻസി, വസ്തുക്കൾ എന്നിവ ഉണ്ടെങ്കിൽ അവ വെളിപ്പെടുത്തണമെന്ന് അധികൃതർ വ്യക്തമാക്കി. സൗദി സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൗദി അറേബ്യയിൽ നിന്ന് വിദേശത്തേക്ക് യാത്രചെയ്യുന്നവർക്കും ഈ നിയമം ബാധകമാണ്. 60000 റിയാലിൽ കൂടുതൽ മൂല്യമുള്ള കറൻസി, ആഭരണങ്ങൾ, വിലപിടിച്ച മറ്റു ലോഹങ്ങൾ മുതലായവയെല്ലാം ഈ നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്.

യാത്രികർ തങ്ങളുടെ കൈവശമുള്ള വിലപിടിച്ച വസ്തുക്കളുടെ വിവരങ്ങൾ സംബന്ധിച്ച സത്യവാങ്‌മൂലം നിർദ്ദിഷ്ട ഇലക്ട്രോണിക് ഫോം ഉപയോഗിച്ച് നൽകേണ്ടതാണ്. ഇതിനായി സൗദി സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ ആപ്പ് എന്നിവ ഉപയോഗപ്പെടുത്താവുന്നതാണ്. കള്ളപ്പണം വെളുപ്പിക്കൽ, കള്ളക്കടത്ത്, ടാക്സ് വെട്ടിപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട സൗദി നിയമങ്ങളുടെ ലംഘനങ്ങൾ ഒഴിവാക്കുന്നതിനും, നിയമനടപടികൾ ഒഴിവാക്കുന്നതിനും ഈ ഡിക്ലറേഷൻ വളരെ പ്രധാനമാണ്.