വടക്കുകിഴക്കന്‍ അറബിക്കടലിന് മുകളിൽ രൂപപ്പെട്ടിട്ടുള്ള ന്യൂനമർദത്തിന്റെ ഭാഗമായി രാജ്യത്ത് 2022 ജൂലൈ 18, 19 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2022 ജൂലൈ 17-ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
നിലവിൽ ഈ ന്യൂനമർദം ഒമാൻ തീരത്ത് നിന്ന് 620 കിലോമീറ്റർ അകലെയായാണ് സ്ഥിതി ചെയ്യുന്നതെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. 2022 ജൂലൈ 18, തിങ്കളാഴ്ച്ചയോടെ ന്യൂനമർദ്ദത്തിന്റെ പ്രഭാവം മസ്കറ്റ്, നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, അൽ വുസ്ത, അൽ ദാഖിലിയ, നോർത്ത് അൽ ബത്തിന, സൗത്ത് അൽ ബത്തിന, അൽ ബുറൈമി മുതലായ ഗവർണറേറ്റുകളിൽ അനുഭവപ്പെടുന്നതാണ്.
ഇതിന്റെ ഭാഗമായി സൗത്ത് അൽ ശർഖിയ, അൽ വുസ്ത മേഖലകളിൽ 30 മുതൽ 80 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്നതാണ്. മസ്കറ്റ്, നോർത്ത് അൽ ശർഖിയ, അൽ ദാഖിലിയ, നോർത്ത് അൽ ബത്തിന, സൗത്ത് അൽ ബത്തിന, അൽ ബുറൈമി, അൽ ദാഹിറ മുതലായ ഗവർണറേറ്റുകളിൽ 10 മുതൽ 30 മില്ലീമീറ്റർ വരെ മഴ ലഭിക്കാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
2022 ജൂലൈ 19-ന് സൗത്ത് അൽ ശർഖിയ, മസ്കറ്റ്, നോർത്ത് അൽ ശർഖിയ, അൽ ദാഖിലിയ, നോർത്ത് അൽ ബത്തിന, സൗത്ത് അൽ ബത്തിന, അൽ ബുറൈമി, അൽ ദാഹിറ, അൽ വുസ്ത, ദോഫാർ മുതലായ ഗവർണറേറ്റുകളിൽ 10 മുതൽ 30 മില്ലീമീറ്റർ വരെ മഴയ്ക്ക് സാധ്യതയുണ്ട്. ഈ മേഖലകളിൽ മണിക്കൂറിൽ 40 മുതൽ 80 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് അനുഭവപ്പെടാമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഈ മേഖലകളിൽ നീർച്ചാലുകളിലും, താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കം അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്.
Cover Image: Oman Meteorology.