അറബിക്കടലിലെ ന്യൂനമർദം ഒമാൻ തീരത്തിന് 964 കിലോമീറ്റർ അകലെയെത്തിയതായി കാലാവസ്ഥാ കേന്ദ്രം

GCC News

വടക്കുകിഴക്കന്‍ അറബിക്കടലിന് മുകളിൽ ന്യൂനമർദം രൂപപ്പെട്ടതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2022 ജൂലൈ 16-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

നിലവിൽ ഈ ന്യൂനമർദം ഒമാൻ തീരത്ത് നിന്ന് 964 കിലോമീറ്റർ അകലെയായാണ് സ്ഥിതി ചെയ്യുന്നതെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഗുജറാത്ത് തീരത്ത് രൂപപ്പെടുന്ന ഈ ന്യൂനമർദം അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഒമാൻ കടലിന്റെ മേഖലയിലേക്ക് നീങ്ങുമെന്ന് 2022 ജൂലൈ 15-ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.

ഈ ന്യൂനമർദത്തിന്റെ പ്രഭാവം ജൂലൈ 17 മുതൽ ഒമാനിൽ ദൃശ്യമാകുമെന്നും, ഇത് ഏതാനം ദിവസം വരെ തുടരാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു. ജൂലൈ 17-ന് നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളിലും, മസ്കറ്റ് ഗവർണറേറ്റിന്റെ തെക്കൻ മേഖലകളിലും 20 മുതൽ 60 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്നതാണ്. ഇതോടൊപ്പം മണിക്കൂറിൽ 30 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് അനുഭവപ്പെടാമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

2022 ജൂലൈ 18, തിങ്കളാഴ്ച്ചയോടെ ന്യൂനമർദ്ദത്തിന്റെ പ്രഭാവം മസ്കറ്റ്, നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, അൽ വുസ്ത, അൽ ദാഖിലിയ, നോർത്ത് അൽ ബത്തിന, സൗത്ത് അൽ ബത്തിന, അൽ ബുറൈമി, മുസന്ദം മുതലായ ഗവർണറേറ്റുകളിൽ അനുഭവപ്പെടുന്നതാണ്. ഇതിന്റെ ഭാഗമായി ഈ മേഖലകളിൽ 30 മുതൽ 80 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്നതാണ്. ഈ മേഖലകളിൽ നീർച്ചാലുകളിലും, താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കം അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. ഈ മേഖലകളിൽ മണിക്കൂറിൽ 40 മുതൽ 80 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് അനുഭവപ്പെടാമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

Cover Image: Oman Meteorology.