എൻഗാരി, ചൈനീസ് ടിബറ്റിന്റെ അധികാര പരിധിയിൽ പെട്ട, ഇന്ത്യയോട് അതിർത്തി പങ്കിടുന്ന ഒരു പ്രവിശ്യ. ഇന്ത്യയുടേയും ചൈനയുടെയും അതിർത്തി പ്രദേശങ്ങളിൽ ഒന്നായ അക്സയ് ചിൻ എന്ന ഇന്ത്യയുടെ ഭാഗമായ പ്രദേശം 1962 മുതൽ ചൈനയുടെ അനധികൃത അധികാരത്തിലാണ്. എന്നാൽ ഇന്ത്യ ജമ്മു-കാശ്മീർ സംസ്ഥാനത്തിനുള്ളിലെ ലഡാക്ക് ജില്ലയുടെ ഭാഗമായാണ് ഇന്നും അക്സയ് ചിൻ പ്രവിശ്യയെ കണക്കാക്കുന്നത്. ഈ പ്രദേശത്തെ ചൈന ഒരു കാലത്തും ഇന്ത്യയുടേതായി കണക്കാക്കിയിരുന്നില്ല; 1914-ൽ ചൈനയുടെ പ്രതിനിധിയും, ബ്രിട്ടനും, തിബത്തുമായി മക്മോഹൻരേഖ ആസ്പദമാക്കി ഉണ്ടാക്കിയ ധാരണ പത്രം ചൈന നിരാകരിച്ചതാണ് പ്രശ്നത്തിന്റെ മൂല കാരണം.
തുടർന്ന് 1958-ൽ അക്സായ്ചിൻ ഉൾപ്പെടെ പല ഇന്ത്യൻ പ്രദേശങ്ങളെയും ചൈനീസ് അതിർത്തിക്കുള്ളിലാക്കി ചിത്രീകരിക്കുന്ന ഭൂപടങ്ങൾ ചൈന പ്രസിദ്ധപ്പെടുത്തി. എന്നാൽ ഇന്ന് ഈ പ്രദേശങ്ങൾ വാർത്തകളിൽ നിറയുന്നത് ചൈനയുടെ അധിനിവേശ ബുദ്ധി വീണ്ടും തലപൊക്കുന്നു എന്നറിയുമ്പോളാണ്. യുദ്ധക്കൊതിയും, പിടിച്ചടക്കലും എല്ലാം രാഷ്ട്രങ്ങൾ മറന്നുകൊണ്ടിരിക്കുന്ന ഈ കാലത്തും അവരുടെ ശ്രദ്ധ യുദ്ധത്തിലേക്ക് പോകുന്നതിലെ തന്ത്രം മറ്റൊന്നുമല്ല, ഇന്ത്യയിലേക്കുള്ള ലോക ശ്രദ്ധ കുറയ്ക്കുക, പിന്നെ തണുത്തു കിടക്കുന്ന ലോക ആയുധ വിപണിയ്ക്ക് ഒരു പുത്തനുണർവേകുക. അതല്ലാതെ ഈ വെട്ടിപ്പിടിക്കലും, യുദ്ധസജ്ജീകരണത്തിനും ഈ സമയത്ത് മറ്റു ന്യായങ്ങളില്ല.
കഴിഞ്ഞ ഏപ്രിൽ, മെയ് മാസങ്ങളിലായി സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 14022 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന എൻഗാരി ഗുൻസോ എയർപോർട്ടിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളുടെയും, സൈനിക വിന്യാസത്തിന്റെയും സാറ്റലൈറ്റ് ചിത്രങ്ങൾ ഈയിടെ ഒരു സ്വകാര്യ ഏജൻസി പുറത്തുവിടുകയുണ്ടായി.
അതിൽ വ്യക്തമാക്കുന്നത് ചൈനയുടെ മുന്നൊരുക്കത്തെയാണ്. ഇന്ത്യ-ചൈന അതിർത്തിയോട് ചേർന്നൊഴുകുന്ന ഗൾവാൻ നദീ തീരത്ത് ചൈനീസ് പട്ടാളക്കാർ തമ്പടിച്ചതായുള്ള സാറ്റലൈറ്റ് ചിത്രങ്ങളും ഇവർ പുറത്തുവിട്ടു.
രണ്ടു രാജ്യങ്ങളും വേണ്ട മുന്നൊരുക്കങ്ങൾ നടത്തുന്നതിനായി സൈന്യത്തെ വിന്യസിച്ചതായും ഈ ഘട്ടത്തിൽ അറിയാൻ കഴിയുന്നു. യുദ്ധം, അത് ഇരുകൂട്ടർക്കും നഷ്ടങ്ങൾ വരുത്തുന്ന ഒന്നാണ് എങ്കിലും ജാഗ്രതയിൽ ഒരു കണിക പോലും ഇളക്കം തട്ടാതെ ഈ പ്രതിസന്ധിക്കാലത്തും നമ്മുടെ സൈന്യം സർവ്വ സജ്ജമായി നിയന്ത്രണ രേഖയ്ക്ക് കാവൽ നിൽക്കുന്നത് പ്രശംസനീയം. ആഭ്യന്തര രാഷ്ട്രീയം പോലെയല്ല അന്താരാഷ്‌ട്ര രാഷ്ട്രീയം. ആഭ്യന്തര രാഷ്ട്രീയം ആശയസംഘർഷങ്ങളിൽ ഊന്നിയുള്ളതെങ്കിൽ, അന്താരാഷ്‌ട്ര രാഷ്ട്രീയം കച്ചവടത്തിന്റെയും, അധിനിവേശത്തിന്റെയും കടന്നുകയറ്റമാണെന്നു നമ്മൾ ഓരോരുത്തരും മനസ്സിലാക്കേണ്ടത് ഈ ഘട്ടത്തിൽ അനിവാര്യമാണ്.