അബുദാബി: COVID-19 പോസിറ്റീവ് ആയവർക്ക് തുടർചികിത്സകൾക്കും, മാർഗ്ഗനിർദ്ദേശങ്ങൾക്കുമായുള്ള പ്രാഥമിക നിർണ്ണയ കേന്ദ്രം ആരംഭിച്ചു

GCC News

പരിശോധനകളിൽ, കൊറോണാ വൈറസ് പോസിറ്റീവ് ആയവർക്ക് തുടർചികിത്സകൾക്കും, രോഗ സംബന്ധമായ മാർഗനിർദ്ദേശങ്ങൾക്കും വേണ്ട സേവനങ്ങൾ നൽകുന്നതിനുള്ള രണ്ട് പ്രാഥമിക നിര്‍ണ്ണയ കേന്ദ്രങ്ങൾ പ്രവർത്തനരംഭിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു. അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിലും, അൽ ഐൻ കൺവെൻഷൻ സെന്ററിലുമാണ് ഈ കേന്ദ്രങ്ങൾ ആരംഭിച്ചിരിക്കുന്നത്. COVID-19 പരിശോധനകളിൽ പോസിറ്റീവ് ആയവർക്ക് സുരക്ഷിതമായി തുടർചികിത്സകൾ സംബന്ധമായ നിർദ്ദേശങ്ങൾ, കൂടുതൽ ടെസ്റ്റിംഗ്, ആരോഗ്യ നിർണ്ണയം മുതലായവ ആരോഗ്യ വിദഗ്ധരുടെ സഹായത്തോടെ ഈ കേന്ദ്രങ്ങളിൽ ലഭ്യമാകും.

വിവിധ ഭാഷകൾ സംസാരിക്കുന്ന വോളന്റിയർമാരുടെ സേവനവും ഈ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. അബുദാബിയിലെ കേന്ദ്രത്തിൽ 2000 പേർക്കും, അൽ ഐനിൽ 1500 പേർക്കും സേവനങ്ങൾ നൽകുന്നതിനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. COVID-19 രോഗബാധിതരിൽ നിന്ന് വൈറസ് വ്യാപന സാധ്യതകൾ ഒഴിവാക്കുന്നതിനായി ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളാണ് ഈ കേന്ദ്രങ്ങളിൽ പാലിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. വിവിധ തരത്തിലുള്ള രോഗബാധിതർ തമ്മിൽ സമ്പർക്കം ഒഴിവാക്കുന്നതിനായുള്ള സംവിധാനങ്ങളോടെയാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. COVID-19 പോസിറ്റീവ് ടെസ്റ്റ് റിസൾട്ട് ലഭിക്കുന്ന സമൂഹത്തിലെ എല്ലാ മേഖലകളിൽ നിന്നുമുള്ളവർക്കും ഈ കേന്ദ്രങ്ങളിൽ സേവനം ലഭ്യമാണ്. SEHA-യുടെ കീഴിലുള്ള ആംബുലേറ്ററി ഹെൽത്ത്കെയർ സെർവീസസിന്റെ (AHS) നേതൃത്വത്തിലാണ് ഈ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുള്ളത്.

അബുദാബിയിൽ കൊറോണാ വൈറസ് പരിശോധനകളുടെ തോത് വ്യാപകമായി വർദ്ധിപ്പിച്ചതിലൂടെ, രോഗബാധ കണ്ടെത്തുന്നവർക്ക് വേഗത്തിൽ തുടർനടപടികൾ നൽകി, എമിറേറ്റിലെ നിലവിലുള്ള COVID-19 പ്രതിരോധ സംവിധാനങ്ങൾക്ക് കരുത്തുപകരുക എന്നതാണ് SEHA ഈ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്. COVID-19 ബാധിതൻ എന്ന് സ്ഥിരീകരണം ലഭിച്ച ഒരാൾക്ക് വീണ്ടും ടെസ്റ്റിംഗ് നടത്തുന്നതിനും പ്രാഥമിക ആരോഗ്യ വിലയിരുത്തലുകൾ നടത്തിയ ശേഷം, ആവശ്യമായ ചികിത്സാ നിർദേശങ്ങളും, നടപടികളും നൽകുന്നതിനായി അന്താരാഷ്ട്ര നിലവാരത്തിലാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെന്ന് SEHA ചെയർമാൻ സലേം അൽ നൊഐമി വ്യക്തമാക്കി.

അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്തിന്റെ (DOH) മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം COVID-19 പോസിറ്റീവ് ആകുന്ന ഒരാൾക്ക് വീണ്ടും കൊറോണാ വൈറസ് പരിശോധന നടത്തി പരിശോധനാ ഫലം ഉറപ്പിക്കേണ്ടതുണ്ട്. ഇതിനുള്ള നടപടികൾ നൽകുന്നതിനായുള്ള പ്രത്യേക കേന്ദ്രം എന്ന നിലയിൽ ഇത് എമിറേറ്റിലെ COVID-19 പ്രതിരോധത്തിൽ മുഖ്യ പങ്കാണ് വഹിക്കാൻ പോകുന്നതെന്ന് AHS CEO മുഹമ്മദ് ഹവാസ് അൽ സാദിദ് അഭിപ്രായപ്പെട്ടു. ഹോം ക്വാറന്റീൻ, ഹോം ഐസൊലേഷൻ നിർദ്ദേശങ്ങൾ ലഭിക്കുന്ന രോഗബാധിതർക്ക് ആവശ്യമായ ബോധവത്കരണ പ്രവർത്തനങ്ങളും ഈ കേന്ദ്രത്തിൽ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

COVID-19 പരിശോധനകളിൽ പോസിറ്റീവ് ആകുന്നവരുടെ മാനസിക വിഷമങ്ങൾ കണക്കിലെടുത്ത്, അവർക്ക് ഏറ്റവും വേഗതയിൽ ഈ കേന്ദ്രങ്ങളിൽ നിന്നും സേവനം ലഭ്യമാക്കുന്നതിനായി ആഴ്ച്ചയിൽ 7 ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെ ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുമെന്ന് AHS ചീഫ് ഓപ്പറേഷൻസ് ഓഫീസർ നൗറ അൽ ഖൈത്തി അറിയിച്ചു. പ്രായമായവർ, ഭിന്നശേഷിക്കാർ, സ്ത്രീകൾ, കുടുംബങ്ങൾ എന്നിവർക്കായി പ്രത്യേക സൗകര്യങ്ങൾ ഈ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ടെന്നും, സന്ദർശകരുടെ സ്വകാര്യത ഒരു ഘട്ടത്തിലും നഷ്ടമാകാത്ത രീതിയിലാണ് ഇവ പ്രവർത്തിക്കുക എന്നും അവർ കൂട്ടിച്ചേർത്തു.

പ്രാഥമിക നിര്‍ണ്ണയ കേന്ദ്രങ്ങളിലെ നടപടികൾ:

  • COVID-19 ടെസ്റ്റിംഗിൽ പോസിറ്റീവ് ആകുന്നവർക്ക് ഈ പ്രാഥമിക നിര്‍ണ്ണയ കേന്ദ്രങ്ങൾ സന്ദർശിക്കാൻ നിർദ്ദേശിച്ച് കൊണ്ടുള്ള SMS സന്ദേശം ലഭിക്കുന്നതാണ്.
  • ആദ്യമായി ഈ കേന്ദ്രങ്ങളിൽ വരുന്നവർക്ക് ‘യെല്ലോ ഹാൾ’ എന്ന് അടയാളപ്പെടുത്തിയ സംവിധാനത്തിൽ പ്രാഥമിക ആരോഗ്യ പരിശോധനകൾ നടത്തുകയും, SEHA-യുടെ ഡിജിറ്റൽ മെഡിക്കൽ റെക്കോർഡിൽ രജിസ്റ്റർ ചെയ്യുകയും ചെയ്യുന്നതാണ്.
  • പരിശോധനകളിൽ ആരോഗ്യപ്രശ്നങ്ങൾ ഒന്നും കാണിക്കാത്തവർക്ക്, ഒരു തവണ കൂടി COVID-19 പരിശോധനകൾ നടത്തുന്നതിനായി ആവശ്യമായ സ്രവം ശേഖരിച്ച ശേഷം, ഹോം ക്വാറന്റീൻ ബോധവത്‌കരണം നൽകി, വീടുകളിലേക്ക് തിരിച്ചയക്കുന്നതാണ്. ഇവർ ഈ രണ്ടാം പരിശോധനകളുടെ ഫലം SMS മുഖേനയോ, SEHA ആപ്പ്, അല്ലെങ്കിൽ അൽ ഹൊസൻ ആപ്പ് വഴിയോ ലഭിക്കുന്നത് വരെ ഹോം ക്വാറന്റൈനിൽ തുടരേണ്ടതാണ്.
  • ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ ECG, രക്ത പരിശോധന, CT സ്കാൻ മുതലായ പരിശോധനകൾക്കായി ‘റെഡ് സോൺ’ എന്ന വിഭാഗത്തിലേക്ക് അയക്കുന്നതാണ്. പരിശോധനകൾക്ക് ശേഷം ഡോക്ടറുടെ അഭിപ്രായപ്രകാരം ഇവരെ ആശുപത്രിയിലേക്കോ, ഹോം ക്വാറന്റീനിലേക്കോ അയക്കുന്നതാണ്.
  • രണ്ടാം പരിശോധനകൾ നെഗറ്റീവ് ആകുന്നവർക്ക് ഈ കേന്ദ്രത്തിലെ ‘പർപ്പിൾ ഹാളിലേക്കു’ തുടർപരിശോധനകൾക്കായി എത്തുന്നതിനു SMS മുഖേനെ സന്ദേശം ലഭിക്കുന്നതാണ്. അത്തരക്കാർക്ക് ഒരു തവണ കൂടി ടെസ്റ്റിംഗ് നടത്തുന്നതാണ്.
  • രണ്ടാം പരിശോധനകൾ പോസിറ്റീവ് ആകുന്നവർ ഈ കേന്ദ്രത്തിലെ ‘ബ്ലൂ ഹാളിലേക്ക്’ തുടർപരിശോധനകൾക്കായി എത്തുന്നതിനു SMS മുഖേനെ സന്ദേശം ലഭിക്കുന്നതാണ്. തുടർന്ന് ഇവരെ ഡോക്ടർമാർ പരിശോധിച്ച ശേഷം ഇലക്ട്രോണിക് നിരീക്ഷണത്തോടെയുള്ള ഹോം ക്വാറന്റീനിലേക്കോ, പ്രത്യേക ഐസൊലേഷൻ സംവിധാനത്തിലേക്കോ അയക്കുന്നതാണ്.