യു എ ഇ: റഷ്യൻ നിർമ്മിത സ്പുട്നിക് വാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള ഔദ്യോഗിക അംഗീകാരം നൽകി

GCC News

റഷ്യൻ നിർമ്മിത COVID-19 വാക്സിനായ സ്പുട്നിക് V-ന് (Sputnik V) രാജ്യത്ത് അടിയന്തിര ഉപയോഗത്തിനുള്ള ഔദ്യോഗിക അംഗീകാരം നൽകിയതായി യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനുവരി 21-നാണ് യു എ ഇ ഈ വാക്സിന് അംഗീകാരം നൽകിയത്.

കുത്തിവെപ്പ് സ്വീകരിച്ചവരിൽ COVID-19 രോഗബാധയ്ക്കിടയാക്കുന്ന വൈറസിനെതിരെ ശക്തമായ ആന്റിബോഡി പ്രതികരണങ്ങൾ കണ്ടെത്തിയതോടെയാണ് സ്പുട്നിക് V-ന് അനുമതി നൽകാൻ അധികൃതർ തീരുമാനിച്ചത്.

റഷ്യയിലെ ഗമലേയ നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് സ്പുട്നിക് V വാക്സിൻ തയ്യാറാക്കിയത്. ഈ വാക്സിൻ ഉപയോഗിച്ചുള്ള മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ യു എ ഇയിൽ നടത്തിയിരുന്നു.

യു എ ഇ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നൽകുന്ന മൂന്നാമത്തെ COVID-19 വാക്സിനാണിത്. നേരത്തെ ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് (CNBG) നിർമ്മിക്കുന്ന COVID-19 വാക്സിനും, ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിനും യു എ ഇ ഔദ്യോഗിക രജിസ്‌ട്രേഷൻ അനുവദിച്ചിരുന്നു.