ഇസ്രയേലുമായുള്ള സമാധാന ഉടമ്പടികളെ തുടർന്ന്, ഇസ്രായേൽ ബഹിഷ്കരണ നിയമം റദ്ദാക്കാൻ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് ഖലീഫ ബിൻ സയ്ദ് അൽ നഹ്യാൻ ഉത്തരവിട്ടു. ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും ബഹിഷ്കരിക്കുന്നതിനായി രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന ഫെഡറൽ നിയമം ’15 / 1972′, ഇതുമായി ബന്ധപ്പെട്ട ശിക്ഷാ നടപടികൾ എന്നിവ റദ്ദാക്കിക്കൊണ്ട് ‘4 / 2020’ എന്ന പുതിയ ഉത്തരവിറക്കുകയായിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപരവും, വാണിജ്യപരവുമായ സഹകരണം വിപുലീകരിക്കുന്നതിനുള്ള യു എ ഇയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്. സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിലൂടെയും, സാങ്കേതിക കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള രൂപരേഖ യു എ ഇ തയ്യാറാക്കി വരികയാണ്.
ഇസ്രായേൽ ബഹിഷ്കരണ നിയമം റദ്ദാക്കിയതോടെ, യു എ ഇയിലെ വ്യക്തികൾക്കും, കമ്പനികൾക്കും ഇസ്രായേലിൽ താമസിക്കുന്ന അല്ലെങ്കിൽ ഇസ്രയേൽ ദേശീയതയിൽ ഉള്ള വ്യക്തികളുമായോ, അവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായോ വാണിജ്യ, സാമ്പത്തിക പ്രവർത്തനങ്ങൾ, മറ്റിടപാടുകൾ എന്നിവയ്ക്കായി കരാറുകളിൽ ഏർപ്പെടാവുന്നതാണ്. ഈ ഉത്തരവിനെ അടിസ്ഥാനമാക്കി, ഇസ്രായേലിൽ നിന്നുള്ള ഉത്പന്നങ്ങൾ യു എ യിലേക്ക് ഇറക്കുമതി ചെയ്യുന്നതിനും, കൈമാറ്റം ചെയ്യാനും, കൈവശം വയ്ക്കാനും, അവയുടെ വ്യാപാരം നടത്താനും അനുമതി ലഭിക്കുന്നതാണ്.