COVID-19 രോഗവ്യാപനം രൂക്ഷമായതോടെ ഗുരുതര പ്രതിസന്ധികൾ നേരിടുന്ന ഭാരതത്തിന് പൂർണ്ണമായ ഐക്യദാർഢ്യവും, പിന്തുണയും പ്രഖ്യാപിച്ച് യു എ ഇ. ഇന്ത്യ നേരിട്ട് കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ യു എ ഇ വിദേശകാര്യ വകുപ്പ് മന്ത്രി H.E. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ തങ്ങളുടെ ദുഃഖം രേഖപ്പെടുത്തുകയും, നിലവിലെ സാഹചര്യങ്ങളിൽ നിന്ന് തങ്ങളുടെ എക്കാലത്തെയും സുഹൃത് രാജ്യമായ ഇന്ത്യ എത്രയും വേഗം കരകയറുന്നതിന് പൂർണ്ണമായും പ്രാപ്തമാണെന്ന് ആത്മവിശ്വാസം രേഖപ്പെടുത്തുകയും ചെയ്തു.
ഇതിന് ആവശ്യമായ എല്ലാ പിന്തുണയും, ഐക്യദാർഢ്യവും അദ്ദേഹം ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തു. ഇതോടൊപ്പം ഇന്ത്യയിലെ രോഗബാധിതർക്ക് അദ്ദേഹം അതിവേഗത്തിലുള്ള രോഗമുക്തി ആശംസിക്കുകയും ചെയ്തിട്ടുണ്ട്. പരസ്പര ബഹുമാനം, വിവേകം, സഹകരണം, പൊതു താത്പര്യങ്ങൾ എന്നിവയിൽ അധിഷ്ഠിതമായുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധങ്ങളുടെ ആഴവും, ദൃഢതയും ചൂണ്ടിക്കാട്ടിയ അദ്ദേഹം എത്രയും വേഗത്തിൽ നിലവിലെ സാഹചര്യത്തെ മറികടക്കുന്നതിന് ഇന്ത്യയ്ക്ക് സാധിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്‌ശങ്കറുമായി ഏപ്രിൽ 25, ഞായറാഴ്ച്ച നടന്ന ഫോൺ സംഭാഷണത്തിലാണ് ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇക്കാര്യങ്ങൾ അറിയിച്ചത്. ഈ അവസരത്തിൽ യു എ ഇ ഭരണാധികാരികളും, രാജ്യവും ജനതയും ഇന്ത്യയോടൊപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഭാരതത്തിന് പൂർണ്ണമായ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് യു എ ഇയിലുടനീളമുള്ള പ്രധാന സ്ഥാപനങ്ങളും, ബുർജ് ഖലീഫ ഉൾപ്പടെയുള്ള കെട്ടിടങ്ങളിളും ഇന്ത്യൻ ദേശീയപതാകയുടെ വർണ്ണങ്ങളണിഞ്ഞു. ഇന്ത്യൻ ദേശീയ പതാകയോടൊപ്പം, രോഗമുക്തി നേർന്നുകൊണ്ടുള്ള സന്ദേശങ്ങളും ഈ പ്രത്യേക ദീപക്കാഴ്ച്ചകളിൽ തെളിഞ്ഞു.
Source: Prepared with inputs from WAM.