ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള പ്രവേശനം: വാക്സിനേഷൻ സംബന്ധിച്ച് എമിറേറ്റ്സ്, ഇത്തിഹാദ് എന്നിവർ സ്ഥിരീകരണം നൽകി

UAE

ഇന്ത്യയിൽ നിന്ന് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ, സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് നിലവിൽ യു എ ഇയിലേക്ക് യാത്ര ചെയ്യാൻ അനുമതിയില്ലെന്ന് വിമാനക്കമ്പനികളായ എമിറേറ്റ്സ്, ഇത്തിഹാദ് എന്നിവർ ആവർത്തിച്ച് വ്യക്തമാക്കി. യു എ ഇയിൽ നിന്ന് രണ്ട് ഡോസ് COVID-19 വാക്സിനെടുത്ത, സാധുതയുള്ള യു എ ഇ റെസിഡൻസി വിസകളിലുള്ള പ്രവാസികൾക്ക് മാത്രമാണ് നിലവിൽ യാത്രകൾ അനുവദിക്കുന്നതെന്ന് വിമാനക്കമ്പനികൾ കൂട്ടിച്ചേർത്തു.

“ദുബായ് റെസിഡൻസി വിസകളുള്ളവരും, യു എ ഇയിൽ നിന്ന് രണ്ട് ഡോസ് COVID-19 വാക്സിനെടുത്തവരുമായ പ്രവാസികൾക്കും, പ്രത്യേക ഇളവുകൾ അനുവദിച്ച വിഭാഗങ്ങളിൽപ്പെടുന്ന പ്രവാസികൾക്കും മാത്രമാണ് നിലവിൽ ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് യാത്രാനുമതി നൽകിയിട്ടുള്ളത്.”, ഇന്ത്യയിൽ നിന്ന് യു എ ഇലേക്കുള്ള യാത്രാ സംബന്ധമായ സംശയങ്ങൾക്ക് മറുപടിയായി എമിറേറ്റ്സ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച പുതിയ വിവരങ്ങൾക്കായി https://emirates.com/ae/english/help/covid-19/dubai-travel-requirements/residents/ എന്ന വിലാസം സന്ദർശിക്കാനും എമിറേറ്റ്സ് ആവശ്യപ്പെട്ടിട്ടുണ്ട്.

“നിങ്ങൾ യു എ ഇയിൽ നിന്ന് COVID-19 വാക്സിനെടുത്ത വ്യക്തിയാണെങ്കിൽ മാത്രമാണ് നിലവിൽ യു എ ഇയിലേക്ക് പ്രവേശനം അനുവദിക്കുന്നത്.”, യാത്രാ സംബന്ധമായ സംശയങ്ങൾക്ക് മറുപടിയായി ഇത്തിഹാദ് ഓഗസ്റ്റ് 8-ന് രാത്രി അറിയിച്ചിട്ടുണ്ട്.

ഇത്തിഹാദ് https://www.etihad.com/en-ae/travel-updates/all-destinations-travel-guides എന്ന വിലാസത്തിൽ നൽകിയിട്ടുള്ള യാത്രാ നിബന്ധനകൾ പ്രകാരം താഴെ പറയുന്നവർക്കാണ് ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്:

  • യു എ ഇയിൽ നിന്ന് രണ്ട് ഡോസ് COVID-19 വാക്സിനെടുത്ത, സാധുതയുള്ള യു എ ഇ റെസിഡൻസി വിസകളിലുള്ള പ്രവാസികൾ. ഇവർക്ക് യു എ ഇയിൽ നിന്ന് ലഭിച്ച വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഇവർ രണ്ടാം ഡോസ് വാക്സിനെടുത്ത് 14 ദിവസം പൂർത്തിയാക്കിയിരിക്കണം. ഇവർക്ക് യു എ ഇ അധികൃതരിൽ നിന്ന് ലഭിച്ച മടങ്ങിയെത്തുന്നതിനുള്ള മുൻ‌കൂർ അനുമതി ഉണ്ടായിരിക്കണം.
  • വാക്സിനെടുത്തവരും, അല്ലാത്തവരുമായ യു എ ഇ പൗരന്മാർ, ഗോൾഡൻ, സിൽവർ വിസകളുള്ളവർ.
  • വാക്സിനെടുത്തവരും, അല്ലാത്തവരുമായ ഡോക്ടർ, നുഴ്സ് മുതലായ ആരോഗ്യ മേഖലയിലെ ജീവനക്കാർ, വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാർ, യു എ ഇയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ, യു എ ഇയിൽ സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർ.
  • വാക്സിനെടുത്തവരും, അല്ലാത്തവരുമായ എക്സ്പോ 2020-യിൽ ഔദ്യോഗികമായി പങ്കെടുക്കുന്നവർ.
  • ഇതിന് പുറമെ, വാക്സിനെടുത്തവരും, അല്ലാത്തവരുമായ യു എ ഇ അധികൃതരുടെ അനുവാദമുള്ള മാനുഷിക പരിഗണനയ്ക്ക് അർഹതയുള്ള റെസിഡൻസി വിസക്കാർ, യു എ ഇയിൽ ചികിത്സകൾക്കായി പോകുന്നവർ എന്നിവർ.

ദുബായ് വിസകളിലുള്ള മുഴുവൻ യാത്രികരും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സിൽ (GDRFA) നിന്നുള്ള മുൻ‌കൂർ പ്രവേശനാനുമതി നേടിയിരിക്കണം. ദുബായ് വിസകളിലുള്ളവർക്ക് https://smart.gdrfad.gov.ae/Smart_OTCServicesPortal/ReturnPermitService.aspx എന്ന വിലാസത്തിലൂടെ GDRFA മുൻ‌കൂർ അനുമതിക്കായി അപേക്ഷിക്കാവുന്നതാണ്. മറ്റു എമിറേറ്റുകളിൽ നിന്നുള്ള റെസിഡൻസി വിസകളിലുള്ളവർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്ററ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ (ICA) മുൻ‌കൂർ അനുമതി നേടിയിരിക്കണം. https://smartservices.ica.gov.ae/echannels/web/client/guest/index.html#/registerArrivals എന്ന വിലാസത്തിലൂടെ ICA-യുടെ മുൻ‌കൂർ അനുമതിക്കായി അപേക്ഷിക്കാവുന്നതാണ്.

യു എ ഇയിലേക് യാത്ര ചെയ്യുന്ന മുഴുവൻ യാത്രികർക്കും ബാധകമാകുന്ന മറ്റു യാത്രാ നിബന്ധനകൾ:

  • യാത്രികർക്ക് യു എ ഇയിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ നേടിയ PCR പരിശോധനാ നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്. ഈ PCR റിസൾട്ടിന്റെ ആധികാരിത തെളിയിക്കുന്നതിനായി സർട്ടിഫിക്കറ്റിൽ QR കോഡ് നിർബന്ധമാണ്.
  • യാത്ര പുറപ്പെടുന്ന എയർപോർട്ടിൽ വിമാനത്തിലേക്ക് കയറുന്നതിന് മുൻപായി നാല് മണിക്കൂറിനിടയിൽ നേടിയ COVID-19 റാപിഡ് PCR ടെസ്റ്റ് റിസൾട്ട് നിർബന്ധം. ഈ പരിശോധനയ്ക്കായി യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിൽ യാത്രാ സമയത്തിന് ആറ് മണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യേണ്ടതാണ്.
  • ഇവർക്ക് യു എ ഇയിലെത്തിയ ശേഷം PCR പരിശോധന നടത്തുന്നതാണ്.

അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവർക്ക് 10 ദിവസത്തെ ഹോം ക്വാറന്റീൻ, കൈകളിൽ ധരിക്കുന്ന ട്രാക്കിങ്ങ് ഉപകരണം എന്നിവ നിർബന്ധമാണ്. ഇവർക്ക് നാലാം ദിനത്തിലും, എട്ടാം ദിനത്തിലും PCR പരിശോധന നിർബന്ധമാണ്.

ദുബായ് റെസിഡൻസി വിസകളിലുള്ള, GDRFA മുൻ‌കൂർ അനുമതി ലഭിച്ച യാത്രികർക്ക് മാത്രമാണ് ദുബായ് എയർപോർട്ടിലൂടെ യു എ ഇയിലേക്ക് പ്രവേശനം നൽകുന്നതെന്നും, മറ്റു എമിറേറ്റുകളിലെ റെസിഡൻസി വിസകളുള്ളവർക്ക് ദുബായ് എയർപോർട്ടിലൂടെ പ്രവേശനം അനുവദിക്കുന്നതല്ലെന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ICA-യുടെ മുൻ‌കൂർ അനുമതിയുള്ള റെസിഡൻസി വിസകൾക്ക് മാത്രമാണ് അബുദാബി, ഷാർജ, റാസ് അൽ ഖൈമ എയർപോർട്ടുകളിലൂടെ പ്രവേശനം അനുവദിക്കുന്നതെന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചിട്ടുണ്ട്.

2021 ഓഗസ്റ്റ് 5 മുതൽ ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്ന സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവരും, യു എ ഇയിൽ നിന്ന് COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരായവരുമായവർക്കും, വാക്സിനെടുത്തവരും, അല്ലാത്തവരുമായ ഏതാനം വിഭാഗം സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്കും നിബന്ധനകളോടെ പ്രവേശനം അനുവദിക്കുമെന്ന് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) ഓഗസ്റ്റ് 3, ചൊവ്വാഴ്ച്ച വൈകീട്ട് അറിയിച്ചിരുന്നു.