യു എ ഇയിൽ വിസ ചട്ടങ്ങൾ ലംഘിച്ച് തുടരുന്നവർക്ക് നാടുകളിലേക്ക് മടങ്ങാൻ 3 മാസത്തെ അധിക സമയം അനുവദിക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്‌സ് ആൻഡ് ഇന്റർനാഷണൽ കോഓപ്പറേഷനും (MoFAIC), ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പും (ICA) സംയുക്തമായി, മെയ് 19-നു രാത്രി നടത്തിയ ഓൺലൈൻ പത്രസമ്മേളനത്തിലാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ വ്യക്തമാക്കിയത്.
ഈ തീരുമാന പ്രകാരം, മെയ് 18 മുതൽ 3 മാസത്തേക്കാണ് വിസ ലംഘകരെ നിയമ നടപടികൾ കൂടാതെ യു എ ഇയിൽ തുടരാൻ അനുവദിക്കുക. ഇത്തരം നിയമ ലംഘകരുടെ പിഴതുകകളും ഒഴിവാക്കി നൽകും. യു എ ഇയിൽ നിന്ന് തിരികെ നാടുകളിലേക്ക് പോകാൻ ആഗ്രഹിക്കുന്ന വിസ നിയമ ലംഘകർക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 2020 മാർച്ച് 1-നു മുൻപുള്ള ലംഘനങ്ങൾക്കാണ് ഈ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കുക.
“നിലവിലെ COVID-19 സാഹചര്യങ്ങൾ മൂലം പലർക്കും വിസകൾ സമയബന്ധിതമായി പുതുക്കുന്നതിൽ നേരിട്ടിട്ടുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് സന്ദർശക വിസ ലംഘനങ്ങൾക്കും, റെസിഡൻസി വിസ ലംഘനങ്ങൾക്കും ഇളവുകൾ നൽകാൻ തീരുമാനിച്ചിട്ടുള്ളത്.”, ഫോറിൻ അഫയേഴ്‌സ് ആൻഡ് പോർട്സ് ഡയറക്ടർ ജനറൽ, മേജർ ജനറൽ സയീദ് റഖൻ അൽ റാഷിദി ഈ തീരുമാനങ്ങൾ അറിയിച്ച് കൊണ്ട് പത്രസമ്മേളനത്തിൽ പറഞ്ഞു. “യു എ ഇയിൽ നിന്ന് നാടുകളിലേക്ക് തിരികെ മടങ്ങുന്നവർക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം” അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിൽ മടങ്ങുന്നവർക്ക് ഐഡി കാർഡ് സംബന്ധിച്ച പിഴകൾ, ഡിപ്പാർച്ചർ ഫീ, പെർമിറ്റ് റദ്ദാക്കുന്നതിനുള്ള തുകകൾ എന്നിവ ഒഴിവാക്കി നൽകും. യു എ എയിൽ തുടരാൻ ആഗ്രഹിക്കുന്ന വിസ ലംഘകർക്ക് പിഴകൾ ഒടുക്കേണ്ടിവരുമെന്നും മേജർ അൽ റാഷിദി അറിയിച്ചു.
റെസിഡൻസി വിസ പുതുക്കുന്നതിൽ വീഴ്ച വരുത്തിയവർ, എൻട്രി പെർമിറ്റ്, വിസ മുതലായയവയുടെ ചട്ടങ്ങൾ ലംഘിച്ചവർ, തൊഴിൽ കരാറുകളിൽ വീഴ്ചകൾ വരുത്തിയവർ, സ്പോൺസറുമായുള്ള കരാറുകളുടെ ലംഘനം മുതലായ മാർച്ച് 1, 2020-നു മുൻപ് നടന്ന എല്ലാ ഇത്തരം ലംഘനങ്ങൾക്കും നിലവിലെ ഈ പൊതുമാപ്പിന്റെ സ്വഭാവമുള്ള തീരുമാനത്തിന്റെ ആനുകൂല്യത്തിൽ നിയമ നടപടികൾ ഒഴിവാക്കിക്കൊണ്ട് നാട്ടിലേക്ക് മടങ്ങാവുന്നതാണ്. ഇത്തരത്തിൽ മടങ്ങുന്നവർക്ക് പുതിയ തൊഴിൽ കരാറിൽ യു എ ഇയിലേക്ക് മടങ്ങി വരുന്നതിനു തടസ്സങ്ങൾ ഉണ്ടാകില്ല.
ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ മെയ് 21, വ്യാഴാഴ്ച്ച നടക്കുന്ന പത്രസമ്മേളനത്തിൽ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. യു എ ഇയിൽ നിലവിലുള്ള എല്ലാ വിസ, എമിറേറ്റ്സ് ഐഡി സംബന്ധമായ പിഴതുകകളും ഒഴിവാക്കിയതായി ICA, മെയ് 13-നു അറിയിച്ചിരുന്നു.