ഈ വർഷത്തെ റമദാനിൽ രാജ്യത്തെ പള്ളികളിൽ തറാവീഹ് നമസ്കാരത്തിന് അനുമതി നൽകിയതായി യു എ ഇ നാഷണൽ ക്രൈസിസ് എമർജൻസി ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. 2022 മാർച്ച് 30-ന് വൈകീട്ടാണ് NCEMA ഇക്കാര്യം അറിയിച്ചത്.
COVID-19 മഹാമാരിയെത്തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളിലും പള്ളികളിൽ തറാവീഹ് നമസ്കാരത്തിൽ പങ്കെടുക്കുന്നതിന് വിശ്വാസികൾക്ക് അനുമതി ഉണ്ടായിരുന്നില്ല.
റമദാനിൽ പള്ളികളിൽ പാലിക്കേണ്ടതായ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ചും NCEMA മാർച്ച് 30-ന് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന കാര്യങ്ങളാണ് NCEMA അറിയിച്ചിരിക്കുന്നത്:
- പള്ളികളിലെത്തുന്ന വിശ്വാസികൾക്കിടയിൽ ഒരു മീറ്റർ സാമൂഹിക അകലം പാലിക്കണമെന്ന നിർദ്ദേശം തുടരും.
- റമദാനിൽ ഉടനീളം പള്ളികളിൽ തറാവീഹ് നമസ്കാരത്തിന് അനുമതി നൽകും.
- റമദാനിൽ അവസാന പത്ത് ദിനങ്ങളിൽ തഹജ്ജുദ് നമസ്കാരത്തിന് അനുമതി നൽകും. ഏതാനം നിബന്ധനകൾക്ക് വിധേയമായാണ് തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങൾക്ക് പള്ളികളിൽ അനുമതി നൽകുന്നത്.
- പള്ളികളില്‍ ഇശാ, തറാവീഹ് നമസ്‌കാരത്തിനായി ആകെ 45 മിനിറ്റ് സമയമാണ് അനുവദിക്കുന്നത്. തഹജ്ജുദ് നമസ്‌കാരത്തിനും ആകെ 45 മിനിറ്റ് സമയമാണ് അനുവദിക്കുന്നത്.
- പള്ളികളിലേക്കുള്ള വിശ്വാസികളുടെ പ്രവേശനം, നിര്‍ഗ്ഗമനം എന്നിവ സുഗമമാക്കുന്നതിനായി നേർരേഖയിലായിരിക്കും (ലംബരൂപമായ രീതിയിൽ) വിശ്വാസികളെ പള്ളികളിൽ പ്രാർത്ഥനകൾക്കായി ഇരുത്തുന്നത്.
- പള്ളികളിൽ ഉപയോഗിക്കുന്നതിനായി പരിശുദ്ധ ഖുർആൻ ലഭ്യമാക്കുന്നതാണ്.
ഈ നിർദ്ദേശങ്ങൾ സംബന്ധിച്ച് അധികൃതർ റമദാനിലെ ആദ്യ ആഴ്ച്ചയിലുടനീളം നിരീക്ഷണം നടത്തുമെന്നും ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തുമെന്നും NCEMA അറിയിച്ചിട്ടുണ്ട്.