യു എ ഇ: റമദാനിലെ അവസാന 10 രാത്രികളിൽ പള്ളികളിൽ തഹജ്ജുദ് നമസ്കാരത്തിന് അനുമതി നൽകിയതായി NCEMA

GCC News

റമദാനിലെ അവസാന 10 രാത്രികളിൽ രാജ്യത്തുടനീളമുള്ള പള്ളികളിൽ വെച്ച് തഹജ്ജുദ് നമസ്കാരത്തിന് അനുമതി നൽകിയതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. കർശനമായ സുരക്ഷാ നിബന്ധനകളോടെയാണ് NCEMA ഈ അനുമതി നൽകിയിരിക്കുന്നത്. NCEMA വക്താവ് ഡോ. സൈഫ് അൽ ദാഹിരിയാണ് ഇക്കാര്യം അറിയിച്ചത്.

തറാവീഹ് നമസ്കാരത്തിന് ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ മുൻകരുതലുകളും, നിയന്ത്രണങ്ങളും തഹജ്ജുദ് നമസ്കാരത്തിനും ബാധകമാണെന്ന് NCEMA വ്യക്തമാക്കിയിട്ടുണ്ട്. റമദാനിലെ അവസാന 10 ദിനങ്ങളിൽ ദിവസവും അർദ്ധരാത്രി മുതൽ 30 മിനിറ്റ് നേരത്തേക്കാണ് പള്ളികളിൽ തഹജ്ജുദ് നമസ്കാരം അനുവദിക്കുന്നത്.

ഈ പ്രത്യേക പ്രാർത്ഥനകൾ 30 മിനിറ്റ് കൊണ്ട് അവസാനിപ്പിക്കണമെന്നും, അതിന് ശേഷം ഉടൻ തന്നെ പള്ളികൾ അടയ്ക്കണമെന്നും NCEMA വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് ശേഷം പ്രാർത്ഥനകൾക്കായി പള്ളികളിൽ വിശ്വാസികൾക്ക് തുടരുന്നതിന് അനുമതിയുണ്ടായിരിക്കില്ലെന്നും NCEMA കൂട്ടിച്ചേർത്തു.

തഹജ്ജുദ് നമസ്കാരത്തിനെത്തുന്ന വിശ്വാസികൾ മുഴുവൻ COVID-19 പ്രതിരോധ മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്നും NCEMA ആവശ്യപ്പെട്ടിട്ടുണ്ട്. പള്ളികളിൽ പ്രാർത്ഥനകൾക്കെത്തുന്നവർക്ക് മാസ്കുകൾ നിർബന്ധമാണ്. പ്രായമായവർ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർ, സ്ത്രീകൾ തുടങ്ങിയവർ ഈ പ്രാർത്ഥനകൾ വീടുകളിൽ നിന്ന് നിർവഹിക്കാനും NCEMA ആഹ്വാനം ചെയ്തു.