രാജ്യത്തെ COVID-19 മുൻകരുതൽ നടപടികളുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴതുകകളിൽ (ഇതുവരെ അടച്ച് തീർക്കാത്ത) അമ്പത് ശതമാനം ഇളവ് അനുവദിക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. 2023 മാർച്ച് 14-നാണ് പബ്ലിക് പ്രോസിക്യൂഷൻ ഇക്കാര്യം അറിയിച്ചത്.
നാഷണൽ ക്രൈസിസ് ആൻഡ് എമെർജൻസി മാനേജ്‌മന്റ് അതോറിറ്റിയുമായി ചേർന്നാണ് പബ്ലിക് പ്രോസിക്യൂഷൻ ഇക്കാര്യം നടപ്പിലാക്കുന്നത്. 2023 മാർച്ച് 15 മുതൽ ഈ ഇളവ് പ്രാബല്യത്തിൽ വരുന്നതാണ്.
2023 മാർച്ച് 15 മുതൽ രണ്ട് മാസം വരെയാണ് ഈ ഇളവ് ലഭ്യമാക്കുന്നത്. യു എ ഇയിൽ COVID-19 മഹാമാരിയുടെ കാലയളവിൽ ചുമത്തപ്പെട്ടിട്ടുള്ളതും, ഇതുവരെ അടച്ച് തീർക്കാത്തതുമായ, ഇതുമായി ബന്ധപ്പെട്ട എല്ലാ പിഴതുകകൾക്കും, ഈ കാലാവധിയിൽ അമ്പത് ശതമാനം ഇളവ് ലഭിക്കുന്നതാണ്.
വ്യക്തികൾക്ക് ഈ കാലയളവിൽ യു എ ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റുകൾ വഴിയും, സ്‌മാർട്ട് ആപ്പുകൾ വഴിയും, സംസ്ഥാന തലത്തിലുള്ള പോലീസ് കമാൻഡുകൾ വഴിയും ഇത്തരം ഇളവുകളോടെ പിഴ അടയ്ക്കാവുന്നതാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
WAM