യു എ ഇയിലെ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് അവരുടെ കുട്ടികളെ സ്കൂളുകളിലേക്കും നഴ്സറികളിലേക്കും കൊണ്ടുപോകാൻ അനുവദിക്കുന്ന 2024-2025 അധ്യയന വർഷത്തെ ‘ബാക്ക് ടു സ്കൂൾ’ നയം സംബന്ധിച്ച് അധികൃതർ പ്രഖ്യാപനം നടത്തി. യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്സസാണ് (FAHR) ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പുതിയ അധ്യയന വർഷത്തിൻ്റെ തുടക്കത്തിൽ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് അവരുടെ കുട്ടികളെ സ്കൂളുകളിലേക്കും നഴ്സറികളിലേക്കും കൊണ്ടുപോകാൻ അനുവദിക്കുന്നത് സംബന്ധിച്ച വ്യവസ്ഥകൾ ഈ അറിയിപ്പിലൂടെ FAHR വ്യക്തമാക്കിയിട്ടുണ്ട്.
നഴ്‌സറികളിലും കിൻ്റർഗാർട്ടനുകളിലും കുട്ടികളുള്ള ഫെഡറൽ ഗവൺമെൻ്റ് ജീവനക്കാർക്ക് മാനേജറുടെ അനുമതിയോടെ സ്‌കൂൾ ആരംഭിക്കുന്ന തീയതിയിലും സ്‌കൂളിൻ്റെ ആദ്യ ആഴ്‌ചയും പ്രവർത്തി സമയത്തിൽ പ്രതിദിനം മൂന്ന് മണിക്കൂർ വരെ ഇളവ് നൽകുന്നതാണ് ഈ തീരുമാനം. ഫെഡറൽ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സസ് നിയമവും എക്‌സിക്യൂട്ടീവ് റെഗുലേഷനുകളും മറികടക്കാത്ത സാഹചര്യത്തിലും വർക്ക്ഫ്ലോയെ തടസ്സപ്പെടുത്താത്ത സാഹചര്യത്തിലും ജീവനക്കാർക്ക് അവരുടെ കുട്ടികൾക്കായുള്ള രക്ഷാകർതൃ-അധ്യാപക യോഗങ്ങൾ, ബിരുദദാന ചടങ്ങുകൾ, മറ്റ് പരിപാടികൾ എന്നിവയിലും ഓഫീസ് സമയങ്ങളിൽ നിന്ന് പരമാവധി മൂന്ന് മണിക്കൂർ വരെ ഇളവ് എടുത്ത് കൊണ്ട് പങ്കെടുക്കാമെന്നും നയം വ്യക്തമാക്കുന്നു.
WAM