യു എ ഇ: പുതിയ അധ്യയന വർഷത്തിലെ പ്രവർത്തന മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു; വാക്സിനെടുക്കാത്ത കുട്ടികൾക്ക് എല്ലാ ആഴ്ച്ചയും PCR ടെസ്റ്റ് നിർബന്ധം

UAE

പുതിയ അധ്യയന വർഷത്തിൽ വിദ്യാലയങ്ങളുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളും, പെരുമാറ്റച്ചട്ടങ്ങളും സംബന്ധിച്ച് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് (NCEMA) അതോറിറ്റി അറിയിപ്പ് നൽകി. ഓഗസ്റ്റ് 22-ന് വൈകീട്ട് നടന്ന പത്രസമ്മേളനത്തിൽ യു എ ഇ ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക വക്താവ് ഡോ. ഫരീദ അൽ ഹോസാനി ഈ മാനദണ്ഡങ്ങൾ വിവരിച്ചു.

രാജ്യത്തെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് തടസം വരാത്ത രീതിയിൽ, വൈറസ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് നടപ്പിലാക്കിയ മുൻകരുതൽ നടപടികൾ വിജയം കണ്ടതായി അവർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. വിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളും, നിയന്ത്രണങ്ങളും സംബന്ധിച്ച് അവർ അറിയിപ്പ് നൽകി.

രാജ്യത്തെ നഴ്സറികൾ, പൊതു, സ്വകാര്യ വിദ്യാലയങ്ങൾ, ട്രെയിനിങ്ങ് കേന്ദ്രങ്ങൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ പ്രവർത്തനങ്ങൾ ഒരു ഔദ്യോഗിക മാര്‍ഗനിര്‍ദ്ദേശകരേഖ അടിസ്ഥാനമാക്കിയായിരിക്കും നടപ്പിലാക്കുക എന്ന് അവർ വ്യക്തമാക്കി. ഈ പെരുമാറ്റച്ചട്ടം സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലും എത്തിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ നിന്നും ഇത് ലഭ്യമാക്കുമെന്നും അവർ അറിയിച്ചു.

വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും, സ്‌കൂൾ ജീവനക്കാരുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിദ്യാലയങ്ങളിൽ നിർബന്ധമായും ഏർപ്പെടുത്തുന്ന മുൻകരുതൽ നടപടികൾ ഈ മാര്‍ഗനിര്‍ദ്ദേശകരേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രകാരം വിദ്യാലയങ്ങളിലെത്തുന്ന മുഴുവൻ വിദ്യാർത്ഥികളും, ജീവനക്കാരും തങ്ങൾക്ക് COVID-19 രോഗബാധയില്ലാ എന്നും, രോഗബാധിതരുമായി സമ്പർക്കത്തിനിടയായിട്ടില്ലാ എന്നുമുള്ള ഒരു ആരോഗ്യ സത്യവാങ്ങ്മൂലം ഒപ്പിട്ട് നൽകേണ്ടതാണ്.

പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ച് 30 ദിവസങ്ങൾക്ക് ശേഷമായിരിക്കും ഈ മാര്‍ഗനിര്‍ദ്ദേശകരേഖ പ്രകാരമുള്ള പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്തവർക്ക് അത് പൂർത്തിയാക്കുന്നതിനുള്ള അധിക സമയം അനുവദിക്കുന്നതിനായാണിത്. ആദ്യ 30 ദിനങ്ങളിൽ വിദ്യാലയത്തിലെത്തുന്ന മുഴുവൻ വിദ്യാർത്ഥികളും (വാക്സിനെടുത്തവരും, അല്ലാത്തവരുമായ) എല്ലാ രണ്ടാഴ്ച്ച തോറും ഒരു PCR പരിശോധന നടത്തി നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്.

അധ്യയനം ആരംഭിച്ച് 30 ദിവസത്തിന് ശേഷം വാക്സിനെടുക്കാത്ത 12 വയസിന് താഴെയുള്ള കുട്ടികളും, വാക്സിനെടുത്തവരായ 12 വയസിന് മുകളിൽ പ്രായമുള്ള കുട്ടികളും മാസത്തിൽ ഒരു തവണ PCR ടെസ്റ്റ് നടത്തേണ്ടതാണ്. 12 വയസിന് മുകളിൽ പ്രായമുള്ള വാക്സിനെടുക്കാത്തവർക്ക് ആഴ്ച്ച തോറും PCR ടെസ്റ്റ് നിർബന്ധമായിരിക്കും.

വാക്സിനെടുത്തവരും, അല്ലാത്തവരുമായ മുഴുവൻ കുട്ടികൾക്കും വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം തിരഞ്ഞെടുക്കുന്നതിന് അവസരം ഉണ്ടായിരിക്കുമെന്നും ഡോ. ഫരീദ അൽ ഹോസാനി അറിയിച്ചു. മുഴുവൻ കുട്ടികളുടെയും രക്ഷിതാക്കൾ Al Hosn ആപ്പിൽ കുട്ടികളെ രജിസ്റ്റർ ചെയ്യേണ്ടതാണ്. കുട്ടികളുടെ വാക്സിനേഷൻ രേഖകൾ, PCR റിസൾട്ട് എന്നിവ തെളിയിക്കുന്നതിനായാണിത്.

മുഴുവൻ വിദ്യാലയങ്ങളിലും സമൂഹ അകലം ഉറപ്പാക്കിക്കൊണ്ടായിരിക്കും പ്രവർത്തനങ്ങളെന്ന് അവർ കൂട്ടിച്ചേർത്തു. രോഗലക്ഷണങ്ങൾ പ്രകടമാക്കുന്ന വിദ്യാർത്ഥികളും, ജീവനക്കാരും ഉടൻ തന്നെ സ്‌കൂളുകളിലെ COVID-19 സുരക്ഷാ ചുമതലയുള്ള വ്യക്തികളെ ഈ വിവരം അറിയിക്കേണ്ടതാണ്.

WAM