യു എ ഇയിൽ നിന്ന് ജൂൺ 23, ചൊവ്വാഴ്ച്ച മുതൽ നിയന്ത്രണങ്ങളോടെ, ഏതാനം വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് അനുമതി നൽകുന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങളും, മാർഗ്ഗനിർദ്ദേശങ്ങളും അധികൃതർ പുറത്തുവിട്ടു. തിരഞ്ഞെടുക്കപ്പെട്ട വിഭാഗങ്ങളിലുള്ള യു എ ഇ പൗരന്മാർക്കും, നിവാസികൾക്കും ഇത്തരം യാത്രകൾക്ക് അനുമതി നൽകാൻ തീരുമാനിച്ചതായി ജൂൺ 15-നു മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്സ് ആൻഡ് ഇന്റർനാഷണൽ കോഓപ്പറേഷൻ (MOFAIC), ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് (ICA), നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് (NCEMA) എന്നിവർ സംയുക്തമായി പ്രസ്താവിച്ചിരുന്നു. ഇത് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങളാണ് ഇന്നലെ (ജൂൺ 17) നടന്ന COVID-19 അവലോകന പത്രസമ്മേളനത്തിലൂടെ അധികൃതർ പങ്ക്വെച്ചത്.
ജൂൺ 23 മുതൽ രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും തിരഞ്ഞെടുത്ത വിദേശ രാജ്യങ്ങളിലേക്ക് യാത്രാനുമതി നൽകുമെന്ന് ബുധനാഴ്ചത്തെ പത്രസമ്മേളനത്തിൽ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് അതോറിറ്റി (NCEMA) വക്താവ് ഡോ. സൈഫ് അൽ ദഹിരി വ്യക്തമാക്കി. ഇതിനായി പ്രത്യേക മാനദണ്ഡങ്ങളും, വ്യവസ്ഥകളും തയ്യാറാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വ്യവസ്ഥകളും നിർദ്ദേശങ്ങളും യാത്രികരുടെയും സമൂഹത്തിന്റെയും ആരോഗ്യ സുരക്ഷ മുൻനിർത്തിയാണ് നടപ്പിലാക്കുന്നതെന്ന് അദ്ദേഹം ഓർമപ്പെടുത്തി.
“ഓരോ വിദേശ രാജ്യങ്ങളിലെയും നിലവിലെ COVID-19 സാഹചര്യങ്ങൾ കണക്കിലെടുത്ത് അവയെ അപകടസാധ്യത തീരെ കുറഞ്ഞ ഇടങ്ങൾ, അപകടസാധ്യത നിലനിൽക്കുന്ന ഇടങ്ങൾ, തീർത്തും അപകടസാധ്യത നിറഞ്ഞ ഇടങ്ങൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇതിൽ തീർത്തും അപകടസാധ്യത നിറഞ്ഞ ഇടങ്ങളിലേക്ക് യാത്രകൾ ഈ ഘട്ടത്തിൽ അനുവദിക്കില്ല. അപകടസാധ്യത തീരെ കുറഞ്ഞ ഇടങ്ങളിലേക്ക് എല്ലാവർക്കും യാത്രാനുമതി നൽകും. എന്നാൽ അപകടസാധ്യത നിലനിൽക്കുന്ന ഇടങ്ങളിലേക്ക് ഏതാനം മാനദണ്ഡങ്ങൾക്ക് വിധേയമായി മാത്രമേ അനുമതി നൽകൂ.” അദ്ദേഹം വ്യക്തമാക്കി. അപകടസാധ്യത നിലനിൽക്കുന്ന ഇടങ്ങളിലേക്ക് NCEMA മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങൾ പ്രകാരമുള്ളവർക്ക് മാത്രമായിരിക്കും യാത്രാനുമതി നൽകുക. ആരോഗ്യ കാരണങ്ങളാലും, ചികിത്സ സംബന്ധമായും, മര്മ്മപ്രധാനമായ ജോലികളിൽ ഉള്ളവർക്കും, കുടുംബാംഗങ്ങളെ സന്ദർശിക്കുന്നതിനുമുള്ള യാത്രകൾക്കാണ് ഈ പ്രദേശങ്ങളിലേക്ക് യാത്രാനുമതി നൽകുക. ഒരിക്കൽ യാത്രാനുമതി ലഭിച്ച പ്രദേശം മാറ്റുന്നതിന് യാത്രികർക്ക് അനുമതി ഉണ്ടായിരിക്കില്ല.
ജൂൺ 23 മുതൽ യു എ ഇയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് അനുവദിക്കുന്ന യാത്രകൾ സംബന്ധിച്ച് അധികൃതർ പങ്ക് വെച്ച നിബന്ധനകൾ:
യാത്ര പുറപ്പെടുന്നതിനു മുൻപ്:
- എല്ലാ യാത്രികരും മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്സ് ആൻഡ് ഇന്റർനാഷണൽ കോഓപ്പറേഷൻ (MOFAIC), ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിൽ (ICA) എന്നിവയിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം.
- വിമാനം പുറപ്പെടുന്നതിനു 48 മണിക്കൂർ മുൻപ് COVID-19 ടെസ്റ്റിംഗ് നടത്തി നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം.
- 70 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് യാത്രാനുമതി നൽകില്ല.
- വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരോട് കഴിയുന്നതും യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശം.
- എല്ലാ യാത്രികർക്കും ഇന്റർനാഷണൽ ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാണ്.
- യാത്രികർ വിമാനത്താവളങ്ങളിലെ എല്ലാ നിർദ്ദേശങ്ങളും കർശനമായി പാലിക്കണം.
- വിമാനത്താവളങ്ങളിൽ യാത്രികരുടെ ശരീരോഷ്മാവ് പരിശോധിച്ച ശേഷം, 38ºC-ൽ കൂടുതൽ ശരീരോഷമാവ് പ്രകടമാക്കുന്നവരെ ഐസൊലേറ്റ് ചെയ്യുന്നതാണ്. രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവരെ യാത്ര ചെയ്യാൻ അനുവദിക്കില്ല.
- “എല്ലാ യാത്രാ നിബന്ധനകൾ പാലിച്ച് കൊള്ളാമെന്നും, അനുവദിക്കപ്പെട്ടതും, യാത്രികർ അറിയിച്ചതും അല്ലാത്ത മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യില്ലാ എന്നും, വിദേശത്ത് വെച്ച് COVID-19 ബാധയുണ്ടായാൽ ഉടൻ തന്നെ അവിടെയുള്ള യു എ ഇ എംബസി/ കോൺസുലേറ്റിൽ വിവരം അറിയിക്കുമെന്നും” ഉൾകൊള്ളുന്ന സത്യവാങ്മൂലം ഓരോ യാത്രികനും നൽകേണ്ടതാണ്.
യാത്രാ വേളയിൽ പുലർത്തേണ്ട നിബന്ധനകൾ:
- ഓരോ രാജ്യത്തെയും COVID-19 മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായും പിൻതുടരുക.
- ആരോഗ്യത്തെ കുറിച്ചും, ആരോഗ്യ സുരക്ഷയെകുറിച്ചും എപ്പോഴും ബോധവാന്മാരാകുക. രോഗലക്ഷണങ്ങളോ, അസ്വസ്ഥതകളോ തോന്നിയാൽ ഉടൻ തന്നെ അടുത്തുള്ള മെഡിക്കൽ കേന്ദ്രത്തിൽ ബന്ധപെടുക.
- വിദേശത്ത് വെച്ച് COVID-19 ബാധയുണ്ടായാൽ ഉടൻ തന്നെ അവിടെയുള്ള യു എ ഇ എംബസി/ കോൺസുലേറ്റിൽ വിവരം അറിയിക്കുക.
യാത്ര കഴിഞ്ഞ് തിരികെ യു എ ഇയിൽ പ്രവേശിക്കുന്നതിനുള്ള നിബന്ധനകൾ:
- യാത്രകഴിഞ്ഞെത്തുന്നവർ എല്ലാ സമയവും മാസ്ക്, കയ്യുറ എന്നിവ ധരിക്കണം.
- ഇവർ ഇപ്പോഴും തങ്ങളുടെ ആരോഗ്യ വിവരങ്ങൾ, യാത്രാ രേഖകൾ, ഐ ഡി കാർഡുകൾ എന്നിവ അടങ്ങിയ ട്രാവൽ ഫയൽ കയ്യിൽ കരുതണം.
- അൽഹൊസൻ ആപ്പ് നിർബന്ധമായും ഫോണിൽ ഇൻസ്റ്റാൾ ചെയുകയും, അതിൽ രെജിസ്റ്റർ ചെയുകയും വേണം.
- തിരിച്ചെത്തുന്നവർക്ക് 14 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാണ്. അപകടസാധ്യത തീരെ കുറഞ്ഞ ഇടങ്ങളിൽ യാത്രചെയ്ത് മടങ്ങുന്നവർക്ക് 7 ദിവസത്തെ ഹോം ക്വാറന്റീൻ മതിയാകുന്നതാണ്. ഹോം ക്വാറന്റീൻ വേണ്ടാത്തവർക്ക് പണമടച്ച് ഹോട്ടൽ ക്വാറന്റീൻ തിരഞ്ഞെടുക്കാവുന്നതാണ്.
- തിരികെ എത്തി 48 മണിക്കൂറിനുള്ളിൽ നിർബദ്ധമായും COVID-19 PCR ടെസ്റ്റിംഗ് നടത്തേണ്ടതാണ്.