യു എ ഇ: ഹോപ്പ് ബാഹ്യാകാശപേടകം 2021 ഫെബ്രുവരി 9-ന് ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കും

GCC News

യു എ ഇയുടെ ചരിത്രപരമായ ചൊവ്വാ ദൗത്യത്തിനുള്ള ഹോപ്പ് ബാഹ്യാകാശപേടകം ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്ന കൃത്യ തീയ്യതി, സമയം എന്നിവ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെ പുറത്ത് വിട്ടു. നവംബർ 8, ഞായറാഴ്ച്ച വൈകീട്ടാണ് അദ്ദേഹം ഇക്കാര്യം പങ്ക് വെച്ചത്.

ഈ അറിയിപ്പ് പ്രകാരം ഹോപ്പ് ബാഹ്യാകാശപേടകം 2021 ഫെബ്രുവരി 9-ന്, വൈകീട്ട് 7:42-ന് ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്നതാണ്. ചൊവ്വാഗ്രഹം ലക്ഷ്യമാക്കിയുള്ള പ്രയാണത്തിനിടയിൽ, ഹോപ്പ് ബാഹ്യാകാശപേടകം ശൂന്യാകാശത്ത് 290 മില്യൺ കിലോമീറ്റർ പിന്നിട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. ബാഹ്യാകാശപേടകത്തിന്റെ സഞ്ചാരപഥം കൃത്യമാക്കുന്ന വിദഗ്ദനടപടിയുടെ (Trajectory Correction Manoeuvre – TCM) അവസാന ഘട്ടം വിജയകരമായി പൂർത്തിയാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

“ബാഹ്യാകാശപേടകം 2021 ഫെബ്രുവരി 9-ന്, വൈകീട്ട് 7:42-ന് ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്നതാണ്. യു എ ഇയ്ക്കും, മുഴുവൻ അറബ് ലോകത്തിനും ഒരു ആഘോഷവേളയായിരിക്കും ഈ ദിനം.”, അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അറബ് ലോകത്തിന്റെ ആദ്യത്തെ ഗോളാന്തര പര്യവേഷണ ദൗത്യത്തിനു തുടക്കം കുറിച്ച്‌ കൊണ്ട്, ഹോപ്പ് ബാഹ്യാകാശപേടകം ജപ്പാനിലെ തനെഗഷിമ സ്‌പേസ് സെന്ററിൽ നിന്ന്, 111 ദിവസങ്ങൾക്ക് മുൻപ്, ജൂലൈ 20-നു പുലര്‍ച്ചെ 1.58-നാണ് (യു.എ.ഇ സമയം) വിക്ഷേപണം ചെയ്‌തത്.

യുഎഇയുടെ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച്, 2021 ഫെബ്രുവരിയിൽ ഹോപ്പ് ബാഹ്യാകാശപേടകം ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും , കൃത്യമായ തീയ്യതി സംബന്ധിച്ച് ഇപ്പോഴാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. 7 മാസം കൊണ്ട് ഏതാണ്ട് 493 മില്യൺ കിലോമീറ്റർ യാത്രചെയ്താണ് ഹോപ്പ് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുക.

ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ച ശേഷം 687 ദിവസം (ഒരു ചൊവ്വാ വർഷം) ഹോപ്പ് ബാഹ്യാകാശപേടകം ചൊവ്വാഗ്രഹത്തെ വലംവെക്കും. ഈ കാലയളവിൽ ഹോപ്പ് ചൊവ്വയുടെ അന്തരീക്ഷവും, കാലാവസ്ഥയും പഠനവിധേയമാക്കുന്നതാണ്.

ഈ ദൗത്യവുമായി ബന്ധപ്പെട്ട് എമിറേറ്റ്സ് പോസ്റ്റ് ‘ഹോപ്-മാർസ് മിഷൻ 2020’ എന്ന പ്രത്യേക സോവനീർ സ്റ്റാമ്പ് ഷീറ്റ് പുറത്തിറക്കിയിരുന്നു. മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ, യു എ ഇ സ്‌പേസ് ഏജൻസി എന്നിവരുമായി സംയുക്തമായാണ് എമിറേറ്റ്സ് പോസ്റ്റ് നാല് സ്റ്റാമ്പുകൾ അടങ്ങുന്ന ഈ പ്രത്യേക സ്മാരക ഷീറ്റ് പുറത്തിറക്കിയത്.

Photo: @HopeMarsMission