2020-2021 അധ്യയന വർഷമുൾപ്പടെ മൂന്ന് വർഷത്തെ സ്‌കൂൾ കലണ്ടറിനു യു എ ഇ മിനിസ്റ്റീരിയൽ ഡെവലപ്മെന്റ് കൗൺസിൽ അംഗീകാരം നൽകി. യു എ ഇ ഡെപ്യൂട്ടി പ്രധാനമന്ത്രി ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ അധ്യക്ഷതയിൽ ഇന്ന് (സെപ്റ്റംബർ 14) ചേർന്ന യോഗത്തിലാണ് 2020-2021, 2021-2022, 2022-2023 എന്നീ മൂന്ന് അധ്യയന വർഷങ്ങളിലെ കലണ്ടർ പ്രഖ്യാപിച്ചത്.
ഈ കാലയളവിൽ യു എ ഇയിലെ പൊതു, സ്വകാര്യ വിദ്യാലയങ്ങളിലെ ഓരോ അധ്യയന വർഷത്തെ പ്രവർത്തന ദിനങ്ങൾ ആരംഭിക്കുന്നത് സംബന്ധിച്ചും, വിന്റർ, സ്പ്രിംഗ് ഇടവേളകളുടെ തീയതികളും ഈ കലണ്ടറിൽ വ്യക്തമാക്കുന്നുണ്ട്.
പുതിയ സ്‌കൂൾ കലണ്ടർ പ്രകാരം ഓഗസ്റ്റ് 30 ആരംഭിച്ച 2020-2021 അധ്യയന വർഷത്തിലെ ഇടവേളകൾ താഴെ പറയുന്ന പ്രകാരമാണ്:
- വിദേശ വിദ്യാഭ്യാസ രീതി പിന്തുടരുന്ന സ്വകാര്യ വിദ്യാലയങ്ങൾ – വിന്റർ ഇടവേള 2020 ഡിസംബർ 13 മുതൽ ഡിസംബർ 31 വരെ. അവധിക്ക് ശേഷം 2021 ജനുവരി 3-നു അധ്യയനം പുനരാരംഭിക്കുന്നതാണ്. സ്പ്രിംഗ് ഇടവേള 2021 മാർച്ച് 28 മുതൽ ഏപ്രിൽ 8 വരെയായിരിക്കും.
- വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പഠന സമ്പ്രദായം പിന്തുടരുന്ന പൊതു, സ്വകാര്യ വിദ്യാലയങ്ങൾ – വിന്റർ ഇടവേള 2020 ഡിസംബർ 13 മുതൽ 2021 ജനുവരി 7 വരെയായിരിക്കും.
2021 ജൂലൈ ഒന്നാം തീയ്യതിയാണ് 2020-2021 അധ്യയന വർഷത്തിലെ അവസാന പ്രവർത്തിദിനം.