രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയ സോട്രോവിമാബ് (Vir-7831) മോണോക്ലോണൽ ആന്റിബോഡി ചികിത്സാരീതി സംബന്ധിച്ച് ഇതുവരെയുള്ള ചികിത്സാ ഫലങ്ങൾ യു എ ഇ അധികൃതർ പുറത്ത് വിട്ടു. യു എ ഇ ആരോഗ്യ മന്ത്രാലയം, അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത്, ദുബായ് ഹെൽത്ത് അതോറിറ്റി എന്നിവർ സംയുക്തമായാണ് ഈ കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്.
തീവ്രതയില്ലാത്ത COVID-19 രോഗബാധയുള്ളവർക്കും, ശക്തി കുറഞ്ഞ COVID-19 രോഗബാധയുള്ളവർക്കും, ഇവർക്ക് ആശുപത്രിവാസം ഉൾപ്പടെയുളള ഗുരുതര നിലയിലേക്ക് രോഗം നീങ്ങുന്ന സാഹചര്യത്തിൽ ഈ ചികിത്സാരീതി പ്രയോഗിച്ചതിന്റെ ഫലങ്ങളാണ് ഇപ്രകാരം പുറത്ത് വിട്ടിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള കണക്കുകൾ പ്രകാരം ഈ ചികിത്സാ രീതി COVID-19 പ്രതിരോധത്തിൽ ഏറെ ഫലപ്രദമാണെന്നാണ് തെളിയുന്നത്.
മുതിർന്നവരിലും, 12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികളിലും, ഗർഭിണികളിലുമാണ് ഈ ചികിത്സാരീതി പ്രയോഗിച്ചത്. 2021 ജൂൺ 30-നും ജൂലൈ 13-നും ഇടയിൽ അബുദാബിയിൽ 6175 പേരിൽ സോട്രോവിമാബ് മോണോക്ലോണൽ ആന്റിബോഡി ചികിത്സാരീതി നടത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതിൽ 52 ശതമാനത്തോളം പേർ അമ്പത് വയസിന് മുകളിൽ പ്രായമുള്ളവരും കാൻസർ, ഹൃദയസംബന്ധമായ അസുഖങ്ങൾ, പ്രമേഹം, അമിതവണ്ണം തുടങ്ങിയ ഒന്നിലധികം ആരോഗ്യ പ്രശ്നങ്ങളുള്ളവരുമായിരുന്നു.
ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള കണക്കുകൾ പ്രകാരം, ഇവരിൽ 97 ശതമാനം പേരും 14 ദിവസത്തിനിടയിൽ COVID-19 രോഗബാധയിൽ നിന്ന് പൂർണ്ണ മുക്തി നേടി. ഇവരിൽ COVID-19 മൂലമുള്ള മരണം തടയുന്നതിൽ ഈ ചികിത്സാരീതി 100 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായും മന്ത്രാലയം വ്യക്തമാക്കി. ഇതിൽ 99 ശതമാനം പേർക്കും ICU ചികിത്സ വേണ്ടിവന്നില്ലെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
2021 മെയ് 29-നാണ് യു എ ഇ സോട്രോവിമാബ് മോണോക്ലോണൽ ആന്റിബോഡി ചികിത്സാരീതിയ്ക്ക് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകിയത്. ആഗോളതലത്തിൽ ഈ ചികിത്സാരീതി പ്രയോഗിക്കുന്നതിന് ആദ്യമായി അനുമതി നൽകിയത് യു എ ഇയിലായിരുന്നു. ജൂൺ പകുതിയോടെ ഈ മരുന്നിന്റെ ആദ്യ ബാച്ച് യു എ ഇയിൽ എത്തിയിരുന്നു.
ആരോഗ്യപരിചണ രംഗത്തെ ആഗോള ഭീമന്മാരായ ഗ്ലാക്സോ സ്മിത്ത്ക്ലൈൻ പിഎൽസിയാണ് (GSK) ഈ ചികിത്സാരീതിയ്ക്ക് രൂപം നൽകിയത്. ഈ ചികിത്സാരീതിയ്ക്ക് യു എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നേരത്തെ അംഗീകാരം നൽകിയിരുന്നു. മാരകമായ വൈറസുകളെ ചെറുക്കുന്നതിൽ മനുഷ്യശരീരത്തിലെ രോഗ പ്രതിരോധ വ്യുഹം പുലർത്തുന്ന ശേഷി അനുകരിക്കാൻ കഴിവുള്ള ലാബ് നിർമ്മിത പ്രോട്ടീനുകൾ ഉപയോഗിച്ചാണ് മോണോക്ലോണൽ ആന്റിബോഡി ചികിത്സാരീതി പ്രവർത്തിക്കുന്നത്. ശ്വേതരക്താണുക്കളെ ക്ലോൺ ചെയ്താണ് മോണോക്ലോണൽ ആന്റിബോഡി നിർമ്മിക്കുന്നത്.
Cover Photo: WAM