രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി ഫൈസർ ബയോഎൻടെക്, സ്പുട്നിക് വാക്സിനുകളുടെ കുത്തിവെപ്പുകൾ സ്വീകരിച്ചവരിൽ ബൂസ്റ്റർ ഡോസ് കുത്തിവെപ്പിന് അംഗീകാരം നൽകിയതായി യു എ ഇ നാഷണൽ ക്രിസിസ് ആൻഡ് എമർജൻസി മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. COVID-19 വ്യാപനം തടയുന്നത് ലക്ഷ്യമിട്ടാണ് യു എ ഇ ആരോഗ്യ മന്ത്രാലയം ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.
യു എ ഇ ആരോഗ്യ മേഖലയിലെ ഔദ്യോഗിക വക്താവ് ഡോ. നൗറ അൽ ഖൈത്തി ഒക്ടോബർ 5-ന് നടന്ന പ്രത്യേക പത്രസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കി. ബൂസ്റ്റർ ഡോസിന് അർഹതയുള്ളവർ എത്രയും വേഗം അവ സ്വീകരിക്കണമെന്നും ഡോ. നൗറ അൽ ഖൈത്തി കൂട്ടിച്ചേർത്തു.
ഫൈസർ ബയോഎൻടെക്, സ്പുട്നിക് വാക്സിനുകൾ സ്വീകരിച്ചിട്ടുള്ള താഴെ പറയുന്ന വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ് നൽകുന്നതിനാണ് അംഗീകാരം നൽകിയിരിക്കുന്നത്:
- അറുപത് വയസിന് മുകളിൽ പ്രായമുള്ളവർ.
- വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർ, അമ്പത് മുതൽ അമ്പത്തൊമ്പത് വയസ് വരെ പ്രായമുള്ള രോഗബാധ ഗുരുതരമാകാൻ ഇടയുള്ള ആരോഗ്യ പ്രശ്നങ്ങളുള്ള വ്യക്തികൾ.
- ദീർഘനാളത്തേക്കുള്ള ചികിത്സകൾക്ക് വിധേയരായിട്ടുള്ള പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർ.
ഈ തീരുമാനം സിനോഫാം വാക്സിൻ രണ്ട് ഡോസ് എടുത്ത ശേഷം ഫൈസർ ബയോഎൻടെക് അല്ലെങ്കിൽ സ്പുട്നിക് വാക്സിൻ ബൂസ്റ്റർ ഡോസായി സ്വീകരിച്ചിട്ടുള്ളവർക്ക് ബാധകമല്ല.
WAM