യു എ ഇ: ആരോഗ്യ പ്രവർത്തകർക്ക് ലൈസൻസ് നിർബന്ധം

UAE

രാജ്യത്തെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ഭേദഗതി ചെയ്യുന്ന ഏതാനം നിർദ്ദേശങ്ങൾക്ക് യു എ ഇ സർക്കാർ അംഗീകാരം നൽകി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ആരോഗ്യ മേഖലയിലെ തൊഴിലുകൾ, ആരോഗ്യ പരിചരണ സേവനദാതാക്കൾ, മൃഗചികിത്സയുമായി ബന്ധപ്പെട്ട മേഖല തുടങ്ങിയവയെ ലക്ഷ്യമിടുന്നതാണ് ഈ വ്യവസ്ഥകൾ. നഴ്‌സിംഗ്, ലബോറട്ടറി, മെഡിക്കൽ ഫിസിക്‌സ്, ഫങ്ഷണൽ തെറാപ്പി, ഫിസിയോതെറാപ്പി, സൗന്ദര്യശാസ്ത്രം, അനസ്‌തേഷ്യ, ഓഡിയോളജി, റേഡിയോളജി, ഫാർമസി എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ പരിശീലനം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ കരട് നിയമം.

ആരോഗ്യ വകുപ്പ്​ നിർദേശിക്കുന്ന ആവശ്യകതകൾ പാലിക്കാത്തവരും, ലൈസൻസില്ലാതെ പ്രവർത്തിക്കുന്നവരുമായ ആരോഗ്യപ്രവർത്തകർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കാത്ത ഇത്തരം ആരോഗ്യ പ്രവർത്തകർക്ക് പിഴ ചുമത്താനും, ജോലി സംബന്ധമായ മെഡിക്കൽ എത്തിക്‌സും പ്രൊഫഷണൽ പെരുമാറ്റങ്ങളും നിർദ്ദേശിക്കുന്നതാണ് പുതിയ ഭേദഗതി.

പുതിയ നിയമം അനുസരിച്ച് ഇനി മുതൽ ബിരുദമോ അംഗീകൃത ആരോഗ്യ തൊഴിൽ യോഗ്യതയോയുള്ള ആരോഗ്യ പ്രവർത്തകർക്ക് അതോറിറ്റിയിൽ നിന്നുള്ള ലൈസൻസ് ലഭിച്ചാൽ മാത്രമേ യു എ ഇയിൽ ജോലി ചെയ്യാനാകൂ. ഈ ഭേദഗതി അനുസരിച്ച് രാജ്യത്ത് ലൈസൻസുള്ള ഹെൽത്ത് കെയർ പ്രൊഫഷണലുകൾക്കായി ഒരു ദേശീയ മെഡിക്കൽ രജിസ്റ്റർ സ്ഥാപിക്കുന്നതിന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ട്. ദേശീയ രജിസ്റ്ററുമായി ബന്ധിപ്പിച്ച് ആരോഗ്യ അധികാരികൾ അവരുടെ സ്വന്തം രജിസ്റ്ററുകൾ സൃഷ്ടിക്കേണ്ടതാണ്.

ആരോഗ്യ രംഗത്തെ ജോലികൾക്കായി ലഭിക്കുന്ന അപേക്ഷകൾ മന്ത്രാലയമോ ഫെഡറൽ അല്ലെങ്കിൽ ലോക്കൽ ഹെൽത്ത് അതോറിറ്റിയോ സ്വീകരിക്കുകയും,രേഖകൾ പരിശോധനക്ക് വിധേയമാക്കിയ ശേഷം നിയമന നടപടികൾ തീരുമാനിക്കുകയും ചെയ്യുന്നതാണ്. ജോലിക്കായി തെറ്റായ രേഖകളോ, ഡാറ്റയോ ആരോഗ്യ അതോറിറ്റിക്കോ തൊഴിലുടമക്കോ സമർപ്പിക്കുന്നതും ശിക്ഷാർഹമാണ്.

WAM [Cover Image: Pixabay]