രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള അടിയന്തിര വാക്സിനേഷൻ നടപടികളിൽ ഉപയോഗിക്കുന്നതിനായി, ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിന് ഔദ്യോഗിക രജിസ്‌ട്രേഷൻ നൽകാൻ തീരുമാനിച്ചതായി യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അടിയന്തിര സാഹചര്യങ്ങളിൽ ഈ വാക്സിൻ ഉപയോഗിക്കുന്നതിനും, രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിനും അനുമതി നൽകുന്ന ഈ രജിസ്‌ട്രേഷൻ നടപടികൾക്ക് അംഗീകാരം നൽകുന്നതിനായി ഫൈസർ അപേക്ഷ സമർപ്പിച്ചതിനെ തുടർന്നാണ് ഈ നടപടി.
“ഈ നടപടികൾ പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ രേഖകളും ഫൈസർ സമർപ്പിച്ചതിനെ തുടർന്നാണ് ഈ വാക്സിനു ഔദ്യോഗിക രെജിസ്ട്രേഷൻ അനുവദിച്ചത്. അന്താരാഷ്ട്ര മാനദണ്ഡങ്ങളും, രാജ്യത്തെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും ഈ വാക്സിൻ പാലിക്കുന്നതായി കണ്ടെത്തുകയുണ്ടായി.”, ഈ വാക്സിന് അംഗീകാരം നൽകാനുള്ള തീരുമാനത്തെക്കുറിച്ച് മന്ത്രാലയവുമായി ബന്ധപ്പെട്ട ഡോ. അമിൻ ഹുസൈൻ അൽ അമീരി വ്യക്തമാക്കി.
ഡിസംബർ 22-നു രാത്രിയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. യു എ ഇ എമർജൻസി യൂസ് ഓതറൈസേഷൻ (EUA) അനുമതി നൽകുന്ന രണ്ടാമത്തെ COVID-19 വാക്സിനാണിത്. നേരത്തെ ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് (CNBG) നിർമ്മിക്കുന്ന COVID-19 വാക്സിനും യു എ ഇ ഔദ്യോഗിക രജിസ്‌ട്രേഷൻ അനുവദിച്ചിരുന്നു.