രാജ്യത്തെ 3 മുതൽ 17 വയസ് വരെ പ്രായമുള്ളവരിൽ സിനോഫാം COVID-19 വാക്സിന്‍റെ അടിയന്തിര ഉപയോഗത്തിന് യു എ ഇ ആരോഗ്യ, പ്രതിരോധ മന്ത്രാലയം (MoHAP) അനുമതി നൽകി. ഈ വാക്സിന്റെ ക്ലിനിക്കൽ പഠനങ്ങളുടെ ഫലങ്ങൾ, അംഗീകൃത നിയമപ്രകാരമുള്ള പ്രാദേശിക വിലയിരുത്തൽ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ അനുമതി നൽകുന്നതിനുള്ള തീരുമാനം.
2021 ഓഗസ്റ്റ് 2-നാണ് യു എ ഇ ആരോഗ്യ, പ്രതിരോധ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. COVID-19 വൈറസിനെ പ്രതിരോധിക്കാനുള്ള യു എ ഇയുടെ ശ്രമങ്ങളുടെ ഭാഗമായും, പൊതുസമൂഹത്തിൽ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനുള്ള സജീവമായ സമീപനത്തിന്റെ സ്ഥിരീകരണവുമാണ് ഈ വാക്സിൻ അനുമതി.
അബുദാബിയിലെ ഏതാണ്ട് 900 കുട്ടികളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ വാക്സിൻ പഠനത്തിന് ശേഷമാണ് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകിയിരിക്കുന്നത്. ആഗോളതലത്തിൽ തന്നെ ഈ പ്രായവിഭാഗങ്ങളിൽ വാക്സിൻ നൽകാൻ തീരുമാനിക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നാണ് യു എ ഇ.
WAM