2021 ജൂലൈ 11, ഞായറാഴ്ച്ച മുതൽ ഇന്തോനേഷ്യയിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും വരുന്ന യാത്രാ വിമാനങ്ങൾക്ക് താത്കാലിക വിലക്കേർപ്പെടുത്തിയതായി യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും (GCAA) അറിയിച്ചു. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് എമർജൻസി മാനേജ്‌മെന്റ് അതോറിറ്റിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഈ നടപടി.
യു എ ഇയിലേക്ക് യാത്രപുറപ്പെടുന്നതിന് മുൻപ് 14 ദിവസങ്ങൾക്കിടയിൽ ഈ രാജ്യങ്ങളിൽ യാത്രചെയ്തവർക്കും ഈ വിലക്ക് ബാധകമാണ്. ഈ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള ട്രാൻസിറ്റ്, കാർഗോ വിമാനങ്ങൾ പതിവുപോലെ തുടരുമെന്ന് GCAA വ്യക്തമാക്കി.
യു എ ഇ പൗരന്മാർ, അവരുടെ അടുത്ത ബന്ധുക്കൾ, നയതന്ത്ര പ്രതിനിധികൾ, മുൻകൂർ അനുമതി നേടിയ ബിസിനസുകാർ, ഗോൾഡ്, സിൽവർ റെസിഡൻസി പെർമിറ്റ് ഉടമകൾ, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ അനുമതി കൈവശമുള്ളവർ തുടങ്ങിയവരെയും, ഇരു രാജ്യങ്ങളിലെയും യു എ ഇ എംബസികളിലെ ജീവനക്കാരെയും, വിദേശ ചരക്ക്, ട്രാൻസിറ്റ് വിമാനങ്ങളുടെ ജീവനക്കാരെയും ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നതായി GCAA സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വിഭാഗങ്ങളിലുള്ളവർക്ക് യാത്രപുറപ്പെടുന്നതിന് മുൻപ് 48 മണിക്കൂറിനുള്ളിൽ ലഭിച്ച നെഗറ്റീവ് കോവിഡ്-19 ടെസ്റ്റ്, നിർബന്ധിത 10 ദിവസത്തെ ക്വാറന്‍റൈൻ, വിമാനത്താവളത്തിൽ ഒരു പിസിആർ ടെസ്റ്റ്, കൂടാതെ രാജ്യത്ത് പ്രവേശിക്കുന്ന നാലാമത്തെയും എട്ടാമത്തെയും ദിവസങ്ങളിൽ മറ്റൊരു ടെസ്റ്റ് എന്നീ നിബന്ധനകൾ പാലിച്ച് കൊണ്ട് യാത്രകൾ അനുവദിക്കുന്നതാണ്.
WAM