ദുബായ്: ദേശീയ ടൂറിസം പ്രചാരണപരിപാടികളുടെ മൂന്നാം പതിപ്പിന് തുടക്കമായി

GCC News

ആഭ്യന്തര ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് കൊണ്ടുള്ള ദേശീയ ടൂറിസം പ്രചാരണപരിപാടികളുടെ മൂന്നാം പതിപ്പിന് തുടക്കമായതായി യു എ ഇ ക്യാബിനറ്റ് പ്രഖ്യാപിച്ചു. ‘വേൾഡ്സ് കൂളസ്റ്റ് വിന്റർ’ എന്ന ഈ പ്രചാരണപരിപാടികളുടെ മൂന്നാം ഘട്ടം ആരംഭിക്കുന്നതായി 2022 ഡിസംബർ 4-ന് ചേർന്ന യു എ ഇ ക്യാബിനറ്റ് യോഗത്തിലാണ് പ്രഖ്യാപിച്ചത്.

അജ്മാനിലെ അൽ സോറാഹ് നാച്ചുറൽ റിസർവിൽ വെച്ച് നടന്ന പ്രത്യേക ക്യാബിനറ്റ് യോഗത്തിൽ ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യു എ ഇ ധനകാര്യ മന്ത്രി H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ആഭ്യന്തര മന്ത്രി H.H. ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവർ ഈ യോഗത്തിൽ പങ്കെടുത്തു.

Source: WAM.

എമിറാത്തി സമ്പദ്‌വ്യവസ്ഥയിലെ ഒരു പ്രധാന കണ്ണിയാണ് ടൂറിസം എന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി. ഈ മേഖലയുടെ കൂടുതൽ ഉന്നമനത്തിനായി സർക്കാർ മേഖലയും, സ്വകാര്യ മേഖലയും ഒത്ത് ചേർന്ന് പ്രവർത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

‘വേൾഡ്സ് കൂളസ്റ്റ് വിന്റർ’ പ്രചാരണപരിപാടികളുടെ മൂന്നാം പതിപ്പിന് ഔദ്യോഗികമായി തുടക്കമിടുന്നതായി അദ്ദേഹം അറിയിച്ചു. ഇത്തവണത്തെ ‘വേൾഡ്സ് കൂളസ്റ്റ് വിന്റർ’ പ്രചാരണപരിപാടികളുടെ തുടക്കം അജ്മാനിൽ നിന്നാണെന്നും, ടൂറിസം മേഖലയിൽ അജ്‌മാൻ വലിയ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഈ പദ്ധതി മൂലം 2021-ൽ ആഭ്യന്തര ടൂറിസം മേഖലയിൽ 36 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം 2021-ൽ 1.3 മില്യൺ രേഖപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. എമിറാത്തി മൂല്യങ്ങൾ എടുത്ത് കാട്ടുന്നതിനായി ‘നമ്മുടെ പൈതൃകം’ എന്ന ആശയത്തിലൂന്നിയാണ് ‘വേൾഡ്സ് കൂളസ്റ്റ് വിന്റർ’ പ്രചാരണപരിപാടികളുടെ മൂന്നാം പതിപ്പ് ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

WAM